ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അർണാബ് ചുഴലിക്കാറ്റായി. വിശാഖപട്ടണത്തിന് ഏകദേശം 650 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം. ചുഴലിക്കാറ്റ് ക്രമേണ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ആന്ധ്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. Also Read: കയ്യിൽ 200 രൂപ; മകളുടെ പിറന്നാൾ കേക്ക് വാങ്ങാനിറങ്ങിയ അച്ഛന് പിഴയിട്ട് പൊലീസ്! ഒടുവിൽ കണ്ണീരൊപ്പിയ മാതൃക
ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടും. വരുന്ന 72 മണിക്കൂറില്‍ അതിശക്തമായ മഴക്കും മണിക്കൂറില്‍ 140 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. തമിഴ്നാട്ടിലും വ്യാപകമായി മഴ ലഭിക്കും. അതേസമയം തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 6 ആയി. ഡിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും ഇന്ന് മരിച്ചു.
അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഒാറഞ്ച് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് പരക്കെ മഴക്കും ഇടി മിന്നലിനും സാധ്യത. നാളെ മുതല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇന്ന് കേരളതീരത്തു നിന്ന് കടലില്‍പോകരുതെന്ന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.