നടി ആക്രമണക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ദിലീപ് അടക്കം മുഴുവന്‍ പേര്‍ക്കും നോട്ടിസ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. 

ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടത് റദ്ദാക്കണമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി വെറുതേ വിട്ടത്. വസ്തുതകളും, നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് അപ്പീലിൽ പറയുന്നു.

പൾസർ സുനിയടക്കം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിചാരണ കോടതി 20 വർഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്. ഒരു സ്ത്രീയുടെ സ്വകാര്യതയെയും അന്തസ്സിനെയും തകർക്കുന്ന രീതിയിൽ ആക്രമിച്ചതും ദൃശ്യം ചിത്രീകരിച്ചതും അതീവ ഗൗരവകരമാണെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കുറ്റക്കാർക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ പൾസർ സുനി അടക്കമുള്ളവർക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് അപ്പീലിലെ ആവശ്യം.

അതിജീവിതയ്ക്കെതിരെ നടന്ന ക്രൂരകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നും തന്റെ കുടുംബജീവിതം തകർത്തത് അതിജീവിതയാണെന്ന വൈരാഗ്യമാണ് ദിലീപിനെ ഗൂഢാലോചനയിലേക്ക് നയിച്ചതെന്നും അപ്പീലിൽ പറയുന്നു. ദിലീപും പൾസർ സുനിയും വിവിധയിടങ്ങളിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ട്. ഇവയെല്ലാം വിചാരണ കോടതി അവഗണിച്ചുവെന്നാണ് സർക്കാർ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണകോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

2017 ഫെബ്രുവരി 17 നാണ് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. എട്ടുവർഷം നീണ്ട വിചാരണക്കൊടുവിൽ 2025 ഡിസംബർ 8 നായിരുന്നു കേസില്‍ വിധി വന്നത്. ഡിസംബർ 12ന് ശിക്ഷാവിധിയും പ്രഖ്യാപിച്ചു. കേസില്‍ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേർക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി വന്നതിന് പിന്നാലെ വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്നായിരുന്നു സർക്കാരിന്‍റെ പ്രതികരണം. എന്നാല്‍ വിധി വന്ന് 78-ാം ദിവസമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. അതേസമയം കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ ആഴ്ചകൾക്കുള്ളിൽ തന്നെ സമീപിച്ചിരുന്നു.

ENGLISH SUMMARY:

In a significant development in the 2017 actress assault case, the Kerala High Court on March 10, 2026, admitted the state government’s appeal against the trial court's verdict. A division bench of the High Court has issued notices to actor Dileep and all other accused in the case.