ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പുല്‍വാമ സ്വദേശിയായ ഇയാള്‍ രണ്ടു മാസം മുന്‍പ് വീട്ടിലെത്തിയിരുന്നതായി സഹോദരന്‍റെ ഭാര്യ പറഞ്ഞു. പുല്‍വാമയിലെ കോയില്‍ ഗ്രാമത്തിലാണ് ഇയാളുടെ വീട്.
1989 ല്‍ പുല്‍വാമയിലാണ് ഉമര്‍ ജനിച്ചത്. പുറമെ ശാന്ത സ്വഭാവക്കാരനായ ഉമര്‍ മുഹമ്മദ് പുസ്തകപുഴുവായിരുന്നു എന്നാണ് കുടുംബം പറയുന്നത്. 'കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ചയിലാണ് ഉമറുമായി സംസാരിച്ചത്. പരീക്ഷ നടക്കുകയാണെന്നും ലൈബ്രറിയിൽ പഠിക്കുകയാണെന്നുമായിരുന്നു മറുപടി. ഉമര്‍ പുസ്തകപ്പുഴുവായിരുന്നു. വീട്ടിൽ വരുമ്പോഴെല്ലാം പഠിക്കാൻ ഞങ്ങളെ നിർബന്ധിക്കും. വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി' എന്നും ഉമറിന്‍റെ സഹോദരന്‍റെ ഭാര്യ പറഞ്ഞു.
Also Read: 'ഉമര്‍ വിളിച്ചത് മൂന്ന് ദിവസം മുന്‍പ്; ഭീകരബന്ധം അറിയില്ല'; വിശ്വസിക്കാനാവുന്നില്ലെന്ന് കുടുംബം
ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ മുന്‍പ് ഉമര്‍ മുഹമ്മദ് ജോലി ചെയ്തിരുന്നു. ഇയാള്‍ വൈറ്റ് കോളര്‍ ഭീകരവാദത്തിന്‍റെ ഭാഗമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കഴിഞ്ഞാഴ്ച അറസ്റ്റിലായ അദീല്‍ അഹമ്മദ് റത്തര്‍, മുജമ്മില്‍ ഷക്കീല്‍ എന്നിവരുമായി ഉമര്‍ മുഹമ്മദിന് ബന്ധമുണ്ട്. മൂവരും ചേര്‍ന്ന് ജയ്‍ഷെ മുഹമ്മദിന്‍റെ പിന്തുണയുള്ള സെല്‍ രൂപീകരിച്ചതായാണ് വിവരം. അക്കാദമിക്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ സംഘം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിച്ചതായാണ് വിവരം.
ഉത്തർപ്രദേശിലും ഹരിയാനയിലും നടത്തിയ റെയ്ഡുകളിൽ അദീലും മുജമ്മിലും പിടിയിലായത്. ഏകദേശം 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് ഒപ്പം കണ്ടെത്തിയത്. റെയ്ഡിനിടെ രക്ഷപ്പെട്ട ഉമര്‍ മണിക്കൂറുകൾക്ക് ശേഷം വെളുത്ത ഹ്യുണ്ടായ് ഐ20 കാറിൽ ഡൽഹിയിലേക്ക് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ത വൈകീട്ട് 3.19 ന് ഇയാള്‍ ഓടിച്ചിരുന്ന വാഹനം ചെങ്കോട്ടയുടെ പാര്‍ക്കിങ് ഏരിയയിലേക്ക് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 6.30 ഓടെയാണ് കാര്‍ ഇവിടെ നിന്നും പുറത്തേക്ക് പോകുന്നത്. പിന്നാലെ 6.25 ന് റെഡ്ഫോര്‍ട്ട് മെട്രോ സ്റ്റേഷന്‍റെ ഗേറ്റ് 1 ന് സമീപം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
Also Read: 4 ദിവസം, പിടിയിലായത് വനിത ഡോക്ടറടക്കം നാല് പേര്‍; ‘വൈറ്റ് കോളർ ഭീകരർ’
ഗുരുഗ്രാമിലെ മുഹമ്മദ് സൽമാൻ മുതൽ ഫരീദാബാദിലെ ദേവേന്ദർ, പ്ലംബർ ആമിർ റഷീദ് മിർ, സെക്യൂരിറ്റി ഗാർഡ് താരിഖ് മാലിക് തുടങ്ങി നിരവധി ഉടമസ്ഥരുടെ കൈമറിഞ്ഞ ശേഷമാണ് കാര്‍ ഉമറിലെത്തുന്നത്. കൂട്ടാളികളുടെ അറസ്റ്റും സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിനും പിന്നാലെ ഉമര്‍ പരിഭ്രാന്തിയിലായിരുന്നിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തന്‍റെ കൂട്ടാളികളെ പിടികൂടിയതില്‍ ശൃംഖലയിലേക്ക് അന്വേഷണ സംഘം എത്തുമെന്ന് ഉമറിന് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.