ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവും ‘വൈറ്റ് കോളർ’ ഭീകരരുമായുള്ള ബന്ധം കണ്ടെത്തിയതായി വിവരമുണ്ട്. പുൽവാമയിൽ നിന്നുള്ള ഡോക്ടർ ഉമർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്. കാർ സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നയാളുടെ ആദ്യ ചിത്രം പുറത്ത് വന്നിരുന്നു. കറുപ്പും നീലയും കലർന്ന ടീഷർട്ട് ധരിച്ചയാൾ കാറിൻ്റെ ഡോറിന് മുകളിൽ ഒരു കൈ വച്ച് കൊണ്ട് വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ലഭിച്ചത്.
ഇതിനിടെ കഴിഞ്ഞ നാല് ദിവസം കൊണ്ട് പിടിയിലായത് വനിത ഡോക്ടറടക്കം നാല് പേരാണ്. രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയെന്നു കരുതുന്ന രണ്ട് ഡോക്ടർമാരെയാണ് യുപിയിലെ സഹറൻപൂരിൽനിന്നും ഹരിയാനയിലെ ഫരീദാബാദിൽനിന്നുമായി പിടികൂടിയത്. കശ്മീർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് കഴിഞ്ഞ ദിവസം എ കെ 47 തോക്കും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് സഹാറൻപൂരിൽ ജോലിചെയ്യുന്ന ഡോ. ആദിൽ അഹമ്മദിലേക്കെത്തിയത്. ഇയാളിൽനിന്ന് ഫരീദാബാദിലെ ഡോ. മുസ്മീൽ ഷക്കീലിനെക്കുറിച്ചും വിവരം ലഭിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന 360 കിലോ ഗ്രാം അമോണിയം നൈട്രേറ്റും ആയുധങ്ങളും ജമ്മു കശ്മീർ, ഹരിയാന പൊലീസുകാര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഐ എസുമായി ചേർന്ന് ഇന്ത്യയിലാകെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നു പേർ ഗുജറാത്തിൽ പിടിയിലായിരുന്നു. അതിൽ പ്രധാനിയും ഒരു ഡോക്ടറായിരുന്നു. ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരാണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. ഒരു വർഷമായി മൂവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറഞ്ഞു.