ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വൈറ്റ് കോളര്‍ സംഘാഗം ഡോക്ടര്‍ അദീല്‍ റാഥര്‍ പണം ആവശ്യപ്പെടുന്ന ചാറ്റ് പുറത്ത്.തനിക്ക് പണത്തിന് അത്യാവശ്യമുണ്ടെന്ന് അദീല്‍ പറയുന്ന ചാറ്റുകളാണ് പുറത്തു വന്നത്.അദീല്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ സഹറന്‍പുരിലെ ആശുപത്രി ജീവനക്കാരനുമായുള്ള വാട്സാപ് ചാറ്റാണ് എന്‍.ഐ.എ കണ്ടെടുത്തത്.
അദീലിന്‍റെ ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ ഡിജിറ്റല്‍ ഫൊറന്‍സിക് ടീം വീണ്ടെടുക്കുകയായിരുന്നു. 15 പേർ കൊല്ലപ്പെടുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത നവംബർ 10-ലെ സ്ഫോടനത്തിന് ഏകദേശം ഒരു മാസം മുന്‍പ് സെപ്റ്റംബർ 5-നും 9-നും ഇടയില്‍ നടത്തിയ വാട്സാപ് ചാറ്റാണ് പുറത്ത് വന്നത്.
സെപ്റ്റംബർ 5-ലെ ആദ്യ സന്ദേശത്തിൽ, അദീല്‍ ജീവനക്കാരനോട് തൻ്റെ ശമ്പളം ക്രെഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു.
"ഗുഡ് ആഫ്റ്റർനൂൺ, സർ... ശമ്പളം ക്രെഡിറ്റ് ചെയ്യണമെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു... എനിക്ക് പണത്തിന് അത്യാവശ്യമുണ്ട് ." അദീല്‍ സന്ദേശത്തില്‍ പറയുന്നു.
ഏകദേശം രണ്ട് മണിക്കൂറിനുശേഷം, പണം തൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യാൻ അഭ്യർഥിച്ചുകൊണ്ട് വീണ്ടും സന്ദേശം അയച്ചു.
പിറ്റേന്ന് രാവിലെ,അതായത് സെപ്റ്റംബർ 6-ന് വീണ്ടും ഇതേ കാര്യം ആവശ്യപ്പെടുന്നു.ഏതാനും മണിക്കൂറുകൾക്ക് ശേഷം ശമ്പളം എത്രയും വേഗം വേണമെന്നും പണത്തിന് ആവശ്യമുണ്ടെന്നും അദീല്‍ ചാറ്റില്‍ ആവശ്യപ്പെടുന്നു.
സെപ്റ്റംബർ 9-ലെ അവസാന സന്ദേശം ഇങ്ങനെയാണ്.‘ദയവായി നാളെത്തന്നെ സാലറി ക്രെഡിറ്റ് ചെയ്യുക. എനിക്ക് പണത്തിന് വളരെ അത്യാവശ്യമുമുണ്ട്’.
ഡൽഹി ബോംബാക്രമണത്തിനായി ഏകദേശം 26 ലക്ഷം രൂപ ഉപയോഗിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.അതിൽ അദീല്‍ നല്‍കിയത് 8 ലക്ഷം രൂപ ആയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
ചോദ്യം ചെയ്യലിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഭീകര മൊഡ്യൂളിലെ "ട്രഷറർ" എന്ന പേരിലാണ് താന്‍ അറിയപ്പെട്ടിരുന്നതെന്ന് അദീല്‍ വെളിപ്പെടുത്തി.
അദീൽ റാഥറിന് ആരാണ് പണം നൽകിയതെന്നും, ആ പണം നേരിട്ട് ഭീകര ശൃംഖലയിലേക്ക് പോയോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. വീണ്ടെടുത്ത ചാറ്റുകൾ കേസിൽ ഒരു പ്രധാനപ്പെട്ട തെളിവായി കണക്കാക്കപ്പെടുന്നു.