ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍
ഡല്‍ഹി സ്ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് ഷഹീന്‍ സയീദ്, ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടര്‍. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മൊമിനാതിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളാണ് ലക്നൗ സ്വദേശിയായ ഷഹീൻ സയീദ് എന്നാണു വിവരം. ഡൽഹി സ്ഫോടനത്തെത്തുടർന്ന് ഡോക്ടേഴ്സ് ലൈസൻസ് നഷ്ടപ്പെട്ട ഷഹീൻ സയീദും മുസമ്മിൽ ഷക്കീലും ദമ്പതികള്‍ കൂടിയാണ്. ഈ ദാമ്പത്യമാണ് ഷഹീന്‍ സയീദിന് ഭീകരവാദത്തിന്‍റെ ലോകത്തേക്കുള്ള വാതില്‍ തുറന്ന് നല്‍കിയതും.
ആദ്യ വിവാഹങ്ങള്‍; വിവാഹമോചനം
ലഖ്‌നൗവിലെ ഡാലിഗഞ്ചിലെ ഷഹീന്‍ പഠിച്ചതും വളര്‍ന്നതും. മിടുക്കിയായ വിദ്യാർഥിനി. അലഹബാദിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഷഹീന്‍ പിന്നീട് ഫാർമക്കോളജിയിൽ സ്പെഷലൈസ് ചെയ്യുകയായിരുന്നു. ഷഹീന്‍റെ പിതാവ് സയ്യിദ് അഹമ്മദ് അൻസാരി ഒരു സർക്കാർ ജീവനക്കാരനാണ്. 2003 ൽ ഷഹീന്‍ നേത്രരോഗവിദഗ്ദ്ധനായ ഡോ. സഫർ ഹയാത്തിനെ വിവാഹം കഴിച്ചു, ഈ ദാമ്പത്യത്തില്‍ രണ്ട് കുട്ടികളുണ്ട്. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2012 അവസാനത്തോടെ ഇരുവരും വേര്‍പിരിഞ്ഞു.
ഒരിക്കലും ഒരു തർക്കമോ വഴക്കോ ഉണ്ടായിരുന്നില്ലെന്നും സ്നേഹവും കരുതലും ഉള്ള വ്യക്തിയായിരുന്നു ഷഹീനെന്നും സഫര്‍ എന്‍ഡിടിവിയോട് സംസാരിക്കവേ പറയുകയുണ്ടായി. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു സൂചനയും ഷഹീനില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും സഫര്‍ പറഞ്ഞു. ജോലിയിലെ സമ്മര്‍ദ്ദം, കരിയർ, വിദേശത്തേക്ക് പോകാനുള്ള ഷഹീന്‍റെ ആഗ്രഹം എന്നിവയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി സഫര്‍ പറഞ്ഞിരുന്നത്. മികച്ച ജോലി, ശമ്പളം എന്നിവയായിരുന്നു ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാന്‍ ഷഹീന്‍ ആക്രഹിച്ചതിനുള്ള കാരണം. എന്നാല്‍ സഫറിന് വിദേശത്ത് പോകാന്‍ താല്‍പര്യമില്ലായിരുന്നു.
വിവാഹമോചനം ഷഹീന് വലിയൊരു ആഘാതമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. തീര്‍ത്തും ഒറ്റപ്പെട്ട് ജീവിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ആദ്യം പഠിപ്പിച്ചിരുന്ന ഗണേഷ് ശങ്കർ വിദ്യാര്‍ഥി മെമ്മോറിയൽ (ജിഎസ്‌വിഎം) മെഡിക്കൽ കോളജിൽ നിന്നും ഷഹീന്‍ രാജിവച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെ കോളജിൽ പോകുന്നത് നിർത്തുകയും ചെയ്തു. പിന്നീട് എട്ട് വർഷത്തോളം ആരുമായും ബന്ധപ്പെട്ടിരുന്നില്ല. പിന്നീട് ഗാസിയാബാദിൽ തുണിക്കച്ചവടം നടത്തുന്ന ഒരാളെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വിവാഹവും അധികകാലം നീണ്ടുനിന്നില്ല.
ഷഹീന്‍റെ ജീവിതത്തിലേക്ക് മുസമ്മില്‍ വരുന്നു
അങ്ങിനെയിരിക്കെയാണ് ഷഹീന്‍റെ ജീവിതത്തിലേക്ക് മുസമ്മില്‍ ഷക്കീല്‍ കടന്നുവരുന്നത്. ഹരിയാനയിലെ ഫരീദാബാദിലെ അൽ- ഫലാഹ് സർവകലാശാലയിൽ ഷഹീന്‍ സയീദിന്‍റെ ജൂനിയറായിരുന്നു, ഡല്‍ഹി സ്ഫോടനക്കേസിലെ മറ്റൊരു പ്രതിയായ മുസമ്മിൽ ഷക്കീൽ. ദിവസേനയുള്ള മീറ്റിങുകള്‍, ഒരുമിച്ചുള്ള ജോലി... ഇവയെല്ലാം ഇരുവരുടേയും ബന്ധം ദൃഢമാക്കി. 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ഒരു പള്ളിയിൽ വച്ച് ഇരുവരും വിവാഹിതരായതായി ഷക്കീല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ദാമ്പത്യം ആരംഭിച്ചതിന് ശേഷമാണ് ഷഹീന്‍ സയീദ് വിദ്യാർഥി സംഘടനകളെ അടുത്തറിയുകയും മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തുടങ്ങിയത്. ഈ കൂടിക്കാഴ്ചകൾക്കിടെയാണ് ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മൊമിനാത്തിലെ അംഗങ്ങൾ അവളെ സമീപിക്കുന്നത്. അന്വേഷണ ഏജൻസികൾ പറയുന്നതനുസരിച്ച് അവര്‍ ഷഹീന് പരിശീലനം നല്‍കാന്‍ ആരംഭിച്ചു. തന്‍റെ മെഡിക്കൽ ഐഡന്‍റിറ്റി ഉപയോഗിച്ച് ഷഹീന്‍ ജമ്മു കശ്മീർ, ഡൽഹി, ഹരിയാന എന്നിവിടങ്ങൾക്കിടയിൽ യാത്രകള്‍ ചെയ്തു, ഫണ്ടുകളും സന്ദേശങ്ങളും കൈമാറി. പിന്നാലെ ജമാഅത്തുൽ മൊമിനാതിന്‍റെ ഇന്ത്യന്‍ വിഭാഗത്തിന്‍റെ ചുമതല ഷഹീനിലേക്ക്. ഡോക്ടര്‍മാരുടെ വൈറ്റ് കോളര്‍ സംഘത്തെ രൂപീകരിക്കുന്നതിന്‍റെ ചുമതലയും ഷഹീനായിരുന്നു.
കുടുംബം പറയുന്നത്
കഴിഞ്ഞ നാല് വർഷമായി ഷഹീനുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് മൂത്ത സഹോദരൻ മുഹമ്മദ് ഷോയിബ് പറയുന്നത്. പഠിക്കുമ്പോളോ പിന്നീട് ജോലി ചെയ്യുമ്പോഴോ ഭീകരവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന്‍റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലത്രേ. ഇപ്പോളും ഒന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഷോയിബും ഷഹീന്‍റെ പിതാവ് സയീദ് അഹമ്മദ് അൻസാരിയും പറയുന്നത്.