ഡൽഹിയ്ക്ക് പുറത്തും ഇന്ത്യയിലെ പല നഗരങ്ങളിലും സ്‌ഫോടനങ്ങൾ നടത്താൻ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള വൈറ്റ് കോളർ ടെറർ മൊഡ്യൂളിന് പദ്ധതിയുണ്ടായിരുന്നതായി അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകള്‍ക്കിടെ 2023ലും ഇത്തരത്തില്‍ ഗൂഢാലോചനകള്‍ നടന്നതായി ഭീകരവാദികളിലൊരാള്‍ സമ്മതിച്ചതായി അന്വേഷണവൃത്തങ്ങള്‍ വെളിപ്പെടുത്തി. രണ്ട് വർഷമായി താൻ സ്‌ഫോടനത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് ചാവേറായ ഉമർ മുഹമ്മദിന്‍റെ കൂട്ടാളി മുസമ്മിൽ ഷക്കീൽ ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ഈ രണ്ട് വർഷത്തിനിടയിൽ, സ്‌ഫോടക വസ്തുക്കളും റിമോട്ടുകളും മറ്റ് ബോംബ് നിർമ്മാണ സാമഗ്രികളും ശേഖരിക്കുകയായിരുന്നു. യൂറിയയും അമോണിയം നൈട്രേറ്റും വാങ്ങാൻ ഡോക്‌ടറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മറ്റ് പദാര്‍ഥങ്ങളുമായി കലര്‍ത്തി പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള സംയുക്തം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും നുഹിൽ നിന്നും 26 ക്വിന്‍റൽ എൻപികെ വളം 3 ലക്ഷം രൂപയ്ക്ക് വാങ്ങിയത് മുസമ്മിലാണ്. ഫരീദാബാദിലെ രണ്ട് വ്യത്യസ്‌ത സ്ഥാപനങ്ങളില്‍ നിന്നാണ് നിന്നാണ് ഇലക്ട്രോണിക് ഘടകങ്ങൾ വാങ്ങിയത്. രാസവസ്തുക്കൾ ശീതീകരിച്ച് സൂക്ഷിക്കാൻ ഡീപ് ഫ്രീസറും ഡോക്ടർ വാങ്ങിയിരുന്നു. സ്ഫോടക വസ്തുക്കളിൽ ഉപയോഗിക്കുന്നതിനുള്ള വളം സംസ്കരിക്കുന്നതിനും രാസവസ്തുക്കളും മറ്റ് ചേരുവകളും ക്രമീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഇയാളുടെ അസോസിയേറ്റ് ഉമറിനായിരുന്നു. രാസവസ്തുക്കൾ തയ്യാറാക്കാൻ യൂറിയ പൊടിക്കാൻ മുസമ്മിൽ ഉപയോഗിച്ചിരുന്ന മില്ലും അന്വേഷണസംഘം കണ്ടെത്തി.
സ്ഫോടനത്തിന് സ്വയം ഫണ്ട് ചെയ്തു
ഡൽഹി സ്‌ഫോടനത്തിന്‍റെ ഗൂഢാലോചനയ്ക്ക് പണം നൽകിയത് തീവ്രവാദികളെന്ന് സംശയിക്കുന്നവർ തന്നെയാണെന്നും അന്വേഷണവൃത്തങ്ങൾ കണ്ടെത്തി. സ്‌ഫോടകവസ്തുക്കൾ വാങ്ങുന്നതിനായി ഭീകരസംഘടനയിലെ അംഗങ്ങൾ 26 ലക്ഷം രൂപ സമാഹരിച്ചു. തുടർന്ന് തുക ഉമറിന് കൈമാറി, ചാവേറായി നിയോഗിക്കപ്പെട്ട ഉമര്‍ തന്നെ രണ്ട് ലക്ഷം രൂപ സംഭാവന നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. മുസമ്മിൽ 5 ലക്ഷം രൂപയും ടെറർ മോഡ്യൂളിലെ മറ്റ് അംഗങ്ങളായ ആദിൽ റാത്തറും മുസാഫർ റാത്തറും 8 ലക്ഷം രൂപയും 6 ലക്ഷം രൂപയും നൽകി. ലഖ്‌നൗവിൽ നിന്നുള്ള ഷീൻ സയീദ് അഞ്ച് ലക്ഷം രൂപ നൽകി. പണത്തെ ചൊല്ലി അൽ ഫലാഹ് സർവകലാശാലയിൽ ഉമറും മുസമ്മിലും തമ്മിൽ വഴക്കുണ്ടായതായും അന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതിന് ശേഷം ഉമർ മുസമ്മിൽ തന്‍റെ റെഡ് ഇക്കോസ്‌പോർട്ട് കാർ നൽകിയിരുന്നു. വാഹനം പിന്നീട് ഫരീദാബാദിൽ നിന്ന് കണ്ടെടുത്തു. സ്‌ഫോടനത്തിനിടെ ഉമർ സ്വയം പൊട്ടിത്തെറിച്ചെങ്കിലും മറ്റു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫരീദാബാദ് ആസ്ഥാനമായുള്ള അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിൽ ഉമറും മുസമ്മിലും ഒരുമിച്ച് ജോലി ചെയ്തിരുന്നു. അക്കാലത്തെ സാമ്പത്തിക ക്രമക്കേടുകളും അന്വേഷണത്തിലാണ്.
AK-47 ഇടപാടും തുർക്കി യാത്രയും
ആദിൽ റാത്തറിന്‍റെ ലോക്കറിൽ നിന്ന് 6.5 ലക്ഷം രൂപയ്ക്ക് എകെ 47 തോക്ക് വാങ്ങിയതായി മുസമ്മിൽ സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. അവരുടെ ഹാൻഡ്‌ലറുടെ പേരുകളും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിം എന്നയാളുടെ നിർദ്ദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തി. തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യുമായി ബന്ധമുള്ള ഒകാസയുടെ നിർദ്ദേശപ്രകാരമാണ് മുസമ്മിൽ, ആദിൽ, മുസാഫർ എന്നിവർ തുർക്കിയിലേക്ക് പോയത്. അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഒരാഴ്ചയോളം കാത്തിരുന്ന ശേഷം അവരുടെ ഹാൻഡ്‌ലർ പിൻവാങ്ങുകയായിരുന്നു. ഒകാസ ടെലിഗ്രാം മുഖേന മുസാമിലുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും മുസമ്മിൽ തന്‍റെ ഹാൻഡ്‌ലറെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് അവരുടെ ആശയവിനിമയം അവസാനിപ്പിച്ചതെന്നുമാണ് നിഗമനം.
ബോംബ് നിർമ്മാണ ട്യൂട്ടോറിയലുകൾ
സ്‌ഫോടക വസ്തുക്കൾ വാങ്ങുന്നതിന് മുമ്പ് ഉമർ ഇന്‍റർനെറ്റിൽ ബോംബ് നിർമ്മാണ വിഡിയോകളും വിവരണങ്ങളും പരിശോധിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. പല സ്ഥലങ്ങളിലും സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചന നടന്നതിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്. വിവിധ സ്ഥലങ്ങളിൽ ഒരേസമയം സ്‌ഫോടനം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരിക്കാമെന്ന് തന്നെയാണ് അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടല്‍. ഒന്നിലധികം വിദേശ ബന്ധങ്ങളും ആഭ്യന്തര മൊഡ്യൂളുകളും അന്വേഷണത്തിന്‍റെ ഭാഗമാണ്.