pahalgam-attack-china-probe

ജമ്മു കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റുകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധമുണ്ടെന്ന നിർണ്ണായക വിവരങ്ങൾ പുറത്ത്. ആക്രമണ സ്ഥലത്തുനിന്ന് കണ്ടെടുത്ത GoPro Hero 12 Black ക്യാമറ ചൈനയിൽ നിന്നാണ് ആക്ടിവേറ്റ് ചെയ്തതെന്ന് എൻഐഎ കണ്ടെത്തി. ഇതോടെ, ക്യാമറ ആരാണ് വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും അത് എങ്ങനെയാണ് അക്രമികളുടെ കൈകളിൽ എത്തിയതെന്നും അടക്കമുള്ള വിവരങ്ങൾ തേടി ജമ്മു പ്രത്യേക എൻഐഎ കോടതി ചൈനയ്ക്ക് 'ലെറ്റർ റോഗേറ്ററി' (Letter Rogatory) അയച്ചു.

2025 ഏപ്രിലിൽ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യങ്ങൾ ചിത്രീകരിക്കാനുമാണ് ഭീകരർ ഗോപ്രോ ക്യാമറ ഉപയോഗിച്ചത്. നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള നിർമ്മാതാക്കളിൽ നിന്ന് ചൈനയിലെ 'എഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ്' എന്ന വിതരണക്കാർക്കാണ് ഈ ക്യാമറ കൈമാറിയതെന്ന് എൻഐഎ കണ്ടെത്തി. 2025 ജനുവരി 30-ന് ചൈനയിലെ ഡോംഗുവാനിൽ വെച്ചാണ് ഇത് ആക്ടിവേറ്റ് ചെയ്തതെന്ന വിവരമാണ് അന്വേഷണത്തെ ചൈനയിലേക്ക് എത്തിച്ചത്.

ക്യാമറ വാങ്ങിയ വ്യക്തിയുടെ വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും ലഭ്യമാക്കാൻ ചൈനയോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിലെ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുടെയും പാകിസ്ഥാനോട് ചൈന പുലർത്തുന്ന മൃദുസമീപനത്തിന്റെയും പശ്ചാത്തലത്തിൽ ചൈന എത്രത്തോളം സഹകരിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ചൈന പ്രതികരിച്ചില്ലെങ്കിൽ അന്വേഷണത്തിനായി മറ്റ് രാജ്യാന്തര മാർഗങ്ങൾ തേടാനാണ് എൻഐഎ നീക്കം.

കഴിഞ്ഞ ഏപ്രില്‍ 22ന് ബൈസരനിൽ നടന്ന ആക്രമണത്തിൽ ഒരു പ്രാദേശിക ഗൈഡും 25 വിനോദസഞ്ചാരികളും കൊല്ലപ്പെട്ടത്. ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് രംഗത്തെതിയിരുന്നു.