snake-man

രാത്രിയില്‍ ഭാര്യ പാമ്പിന്റെ രൂപംപൂണ്ട് തന്നെ കടിക്കാന്‍ ശ്രമിച്ചുവെന്ന വാദവുമായി യുവാവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലാണ് സംഭവം. ജനങ്ങളുടെ പരാതികള്‍ അധികൃതര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന സമാധാന്‍ ദിവസിലായിരുന്നു മെരാജ് എന്ന യുവാവ് വിചിത്രവാദവുമായെത്തിയത്. വൈദ്യുതി, റോഡ്, റേഷന്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പൊതുവേ ഈ പരിപാടിയില്‍ പരാതികളെത്തുന്നത്. എന്നാല്‍ തന്റെ ഭാര്യ രാത്രിയില്‍ സര്‍പ്പമായി മാറി തന്നെ കടിക്കാന്‍ പിന്നാലെവരുന്നു എന്ന മെരാജിന്റെ വാദം ആ നാടിനെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. 

ഭാര്യ പലതവണ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഭാഗ്യത്തിന്റെ പേരില്‍ മാത്രം രക്ഷപ്പെടുന്നതാണെന്നും ഇയാള്‍ പറയുന്നു. മാനസികമായി തന്നെ ദ്രോഹിക്കുകയാണെന്നും ഏതെങ്കിലും ഒരു രാത്രിയില്‍ താന്‍ ഉറങ്ങുന്നതിനിടെ ഭാര്യ തന്നെ കൊലപ്പെടുത്തുമെന്നും ഇയാള്‍ പറയുന്നു. യുവാവിന്റെ വിഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിച്ചതോടെ രസകരമായ കമന്റുകളും നിറയുകയാണ്. നിങ്ങളും താമസിയാതെ ഒരു കോബ്ര ആയി മാറുമെന്നായിരുന്നു ഒരാളുടെ കമന്റ്. 

യുവാവിന്റെ പരാതി ഏതായാലും തമാശയായി തള്ളിക്കളയാനൊന്നും അധികൃതര്‍ തയ്യാറായില്ല. സംഭവത്തില്‍ വിശദമായ ഒരന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു. അന്വേഷണഘട്ടം നിരീക്ഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും നിര്‍ദേശിച്ചു. മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പൊലീസ് അറിയിക്കുന്നു. ഭാര്യ തന്നെ ഒരു തവണ കടിച്ചെന്നുകാണിച്ച് മെരാജ് പൊലീസിന് നേരിട്ട് പരാതിക്കത്ത് നല്‍കുകയും ചെയ്തു.  

ENGLISH SUMMARY:

Husband claims his wife turns into a snake. The Uttar Pradesh police are investigating a complaint from a man who alleges his wife transforms into a snake at night and attempts to bite him.