തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രാജ്യസുരക്ഷയെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകൾ നടത്തി. കഴിഞ്ഞ 30 ദിവസത്തിനിടെ രാജ്യത്തിനെതിരായ എട്ട് ആക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ നിരീക്ഷണ ശൃംഖലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ഏറ്റ മുറിവാണ്, ഭാരതത്തിലെ പൗരന്മാരെല്ലാം സംയമനം പാലിച്ച് നമ്മുടെ സാഹോദര്യം കൂട്ടിയുറപ്പിച്ച് നിലകൊള്ളണം' എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കുറ്റവാളികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.