FILE PHOTO: U.S. President Donald Trump and Indian Prime Minister Narendra Modi shake hands as they attend a joint press conference at the White House in Washington, D.C., U.S., February 13, 2025. REUTERS/Kevin Lamarque/File Photo/File Photo

FILE PHOTO: U.S. President Donald Trump and Indian Prime Minister Narendra Modi shake hands as they attend a joint press conference at the White House in Washington, D.C., U.S., February 13, 2025. REUTERS/Kevin Lamarque/File Photo/File Photo

  • കഴിഞ്ഞ വര്‍ഷം ട്രംപ് ഏര്‍പ്പെടുത്തിയ 10 മുതല്‍ 50 ശതമാനം വരെയുള്ള പകരച്ചുങ്കം യുഎസ് സുപ്രീംകോടതി റദ്ദാക്കിയത് മറ്റൊരു വഴിയിലൂടെ പുനഃസ്ഥാപിക്കാനുള്ള വൈറ്റ് ഹൗസിന്‍റെ നീക്കമാണിതെന്നാണ് വിലയിരുത്തല്‍

60 വ്യാപാര പങ്കാളികള്‍ക്ക് മേല്‍ 10 മുതല്‍ 12.5 ശതമാനം വരെ പുതിയ താരിഫ് ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. 10 ശതമാനം ആഗോള തീരുവയുടെ കാലാവധി കഴിഞ്ഞതിന് പിന്നാലെ 'നിര്‍ബന്ധിത തൊഴില്‍' നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് നടപടി. ഇതോടെ ഇന്ത്യയ്ക്ക് പുറമെ അര്‍ജന്‍റീന, ബംഗ്ലദേശ്,  ബ്രിട്ടന്‍, കംബോഡിയ, കാനഡ, ഇക്വഡോര്‍, എല്‍സല്‍വദോര്‍, ഗ്വാട്ടെമാല, ഹോണ്ടുറാസ്, ഇന്തൊനീഷ്യ, ജോര്‍ദാന്‍, മലേഷ്യ, മെക്സിക്കോ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ട്രിനിഡാഡ് ആന്‍റ് ടുബാഗോ എന്നീ രാജ്യങ്ങള്‍ 10 ശതമാനം തീരുവ 'നിര്‍ബന്ധിത തൊഴില്‍ തീരുവ (forced labour tariffs)'യായി  നല്‍കണം. യൂറോപ്യന്‍ യൂണിയന്‍, തയ്​വാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവര്‍ക്ക് ആകെ 10 ശതമാനമോ അല്ലെങ്കില്‍ 12.5 ശതമാനമോ മാത്രം തീരുവ നല്‍കിയാല്‍ മതിയാകും. ചൈന ഉള്‍പ്പടെയുള്ള 38 രാജ്യങ്ങള്‍ക്ക് 12.5 ശതമാനമാണ് തീരുവ. ഇന്ത്യയെയും 12.5 ശതമാനം തീരുവയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നതെന്നും ഇത് പിന്നീട് കുറയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ട്രംപ് ഏര്‍പ്പെടുത്തിയ 10 മുതല്‍ 50 ശതമാനം വരെയുള്ള പകരച്ചുങ്കം യുഎസ് സുപ്രീംകോടതി റദ്ദാക്കിയത് മറ്റൊരു വഴിയിലൂടെ പുനഃസ്ഥാപിക്കാനുള്ള വൈറ്റ് ഹൗസിന്‍റെ നീക്കമാണിതെന്നാണ് വിലയിരുത്തല്‍. പ്രത്യേകാധികാരത്തിലൂടെ ഏര്‍പ്പെടുത്തിയ തീരുവ 150 ദിവസത്തേക്കാണെന്നും അത് ഇന്ന് അവസാനിക്കുമെന്നുമായിരുന്നു ട്രംപ് സുപ്രീം കോടതിക്ക് നല്‍കിയ മറുപടി. എന്നാല്‍ ഈ തീരുവ അവസാനിക്കുന്ന നിമിഷം തന്നെയാണ് പുതിയ തീരുവ നിലവില്‍ വരുന്നത്.

ഒരു നൂറ്റാണ്ടിനടുത്തായി നിര്‍ബന്ധിത തൊഴില്‍ വഴി പൂര്‍ണമായോ ഭാഗികമായോ നിര്‍മിക്കുന്നതോ ഖനനം ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ടെന്നും ആ നിയമം കാര്യക്ഷമമായി നടപ്പിലാക്കുകയാണെന്നുമാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്കുണ്ടെന്നും തങ്ങളുടെ വ്യാപര പങ്കാളികള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്നാണ് തീരുവ കൊണ്ട് അര്‍ഥമാക്കുന്നതെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസന്‍ ഗ്രീര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'യുഎസിന്‍റെ ഈ നടപടി കാലങ്ങളായി തുടര്‍ന്ന് വന്ന തെറ്റ് തിരുത്താനും ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ക്ഷേമത്തിനായും പ്രയോജനപ്പെടും' എന്നായിരുന്നു ഗ്രീറിന്‍റെ വാക്കുകള്‍. 

അതേസമയം, പഴയ തീരുവ പുതിയ പേരിലാക്കിക്കൊണ്ടുവരികയാണ് ട്രംപ് ചെയ്തതെന്നാണ് യുഎസ് മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത്. മറ്റു രാജ്യങ്ങള്‍ യുഎസില്‍ നിന്നുണ്ടാക്കുന്ന ലാഭത്തില്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

The Trump administration has newly imposed 10 to 12.5 percent tariffs on over 60 trading partners, including India, citing allegations of forced labor practices. This strategic move follows the U.S. Supreme Court's ruling striking down previous broad tariffs, effectively allowing the White House to bypass judicial blocks through renewed trade regulations. While U.S. trade representatives argue the measures aim to protect worker welfare and correct long-standing trade imbalances, critics suggest it is simply a repackaging of older tariffs under a different justification. Consequently, affected nations face renewed economic pressures as Washington tightens its control over international trade profits.