പാക്കിസ്ഥാനുമായി നദീജലം പങ്കിടാനുള്ള കരാര്‍ ഇന്ത്യ പാലിക്കണമെന്ന് ഹേഗിലെ സ്ഥിരം രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതി. ജമ്മു–കശ്മീരിലെ ചെനാബ് നദിയിൽ നിർമിക്കുന്ന ററ്റ്‌ലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാനും കോടതി ആവശ്യപ്പെട്ടു. കരാർ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള നീക്കമാണെന്നാണ് കോടതിയുടെ വ്യാഖ്യാനം. എന്നാല്‍ അധികാരപരിധിയില്ലാത്ത, നിയമവിരുദ്ധമായി രൂപീകരിച്ച ‘കോടതി’യുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യ കര്‍ശന നിലപാടെടുത്തു. Also Read: തുരങ്കത്തില്‍ കാണാതായ 93 തൊഴിലാളികള്‍ എവിടെ?; തെർമൽ ഡ്രോൺ പരിശോധനയിലും ആരെയും കണ്ടെത്താനായില്ല
പാക്കിസ്ഥാന്‍റെ ആവശ്യപ്രകാരം ലോകബാങ്ക് ഇത്തരമൊരു കോടതി രൂപീകരിച്ചതുതന്നെ സിന്ധു നദീജല കരാറിന്‍റെ ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ‘ഈ നിയമവിരുദ്ധ സമിതി മുൻപ് പുറപ്പെടുവിച്ച എല്ലാ പ്രസ്താവനകളെയും ശക്തമായി തള്ളിക്കളഞ്ഞതുപോലെ, പുതിയ ഉത്തരവിനെയും ഇന്ത്യ തള്ളിക്കളയുന്നു. പെര്‍മനന്‍റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍റെ നിയമപരമായ നിലനിൽപ്പിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതിനാൽ, ഇന്ത്യ ഒരിക്കലും ഈ സമിതിക്ക് മുന്നിൽ ഹാജരായിട്ടുമില്ല.’ – മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാരത്തില്‍പ്പെടുന്ന കാര്യങ്ങളില്‍ വിധി പറയാൻ ആര്‍ബിട്രേഷന്‍ കോടതിക്ക് അധികാരപരിധിയില്ലെന്ന് മന്ത്രാലയം പറഞ്ഞു. ഇപ്പോൾ പുറപ്പെടുവിച്ചതോ ഭാവിയിൽ വരാനിരിക്കുന്നതോ ആയ പ്രസ്താവനകൾ ഇന്ത്യ നടപ്പാക്കുന്ന പദ്ധതികളിൽ ഒരുസ്വാധീനവും ചെലുത്തുകയുമില്ല. സിന്ധു നദീജല കരാർ മരവിപ്പിച്ചു നിർത്താനുള്ള തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ജലവിതരണ ചർച്ചകളും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നതാണ് ഇന്ത്യയുടെ നയം. പാക്കിസ്ഥാന്റെ കൃഷിക്കും ജലസുരക്ഷയ്ക്കും സിന്ധു നദീജല കരാർ നിർണായകമായതിനാൽ, രാജ്യാന്തര വേദികളിൽ ഇന്ത്യക്കെതിരെ സമ്മർദ്ദം ചെലുത്താനാണ് ഇസ്ലാമാബാദിന്റെ നീക്കം. 1960-ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കരാർ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ സഹകരിച്ചിരുന്നില്ല.