പൊതുമധ്യത്തില്‍ ഡിഐജിക്കടുത്തേക്ക് ഓടിയെത്തി കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി. ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറിലാണ് സംഭവം നടന്നത്. ഖുര്‍ജ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഡിഐജി കലാനിധി നൈതാനിയുടെ അടുത്തേക്കാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പൊലീസ് വലയം ഭേദിച്ച് ഓടിയെത്തിയത്. പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഡിജിപിക്ക് അരികിലേക്ക് ഓടിയെത്തി. വാഹനത്തിന് സമീപുള്ള പൊലീസുകാര്‍ പിടിച്ചുനിര്‍ത്തിയെങ്കിലും തന്‍റെ അടുത്തേക്ക് തന്നെ വിടാന്‍ നൈതാനി പറഞ്ഞു.
തന്നെ ബലാല്‍സംഗം ചെയ്തവരില്‍ രണ്ട് പ്രതികള്‍ പുറത്തുതന്നെയുണ്ടെന്നും പരാതി നല്‍കിയിട്ടും പൊലീസ് അവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതി കേട്ട ഡിഐജി പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു.
കഴിഞ്ഞ ജൂണ്‍ പത്തിനാണ് ആറ് യുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പരാതി നല്‍കിയത്. വയലില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ തന്നെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മുന്‍പും ഇവര്‍ തന്നെ പലയിടത്തുവച്ചും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തെങ്കിലും രണ്ട് പ്രതികളില്‍ പണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നില്ല. കുടുംബത്തെ കൊല്ലുമന്ന് പ്രതികളില്‍ നിന്നും ഭീഷണികള്‍ ഉയരുകയും ചെയ്തു. കേസിൽ നാല് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും ബാക്കിയുള്ള രണ്ട് പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും റൂറൽ എസ്പി തേജ്‌വീർ സിങ് പറഞ്ഞു.