Image Credit: X
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നിന്ന് രക്ഷപെട്ട ഏക യാത്രക്കാരനാണ് ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്‍ വിശ്വാസ് കുമാര്‍. മറ്റെല്ലാ യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും ജീവന്‍ പൊലിഞ്ഞ അപകടത്തില്‍ അദ്ഭുതകരമായ രക്ഷപ്പെടലായാണ് വിശ്വാസിന്‍റേത്. വിശ്വാസ് ഇരുന്നതാകട്ടെ വിമാനത്തിലെ എമര്‍ജന്‍സി എക്സിറ്റിന് സമീപമുള്ള 11 A സീറ്റിലും. എമര്‍ജന്‍സി എക്സിറ്റ് വഴി നിലത്തേക്ക് ചാടിയതാണ് വിശ്വാസിന് രക്ഷയായത്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനയാത്രയുടെ സുരക്ഷയെ കുറിച്ചും ആളുകള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കവേ വിമാനങ്ങളിലെ എമർജൻസി എക്സിറ്റുകൾക്ക് സമീപമുള്ള സീറ്റുകൾക്കായുള്ള ആവശ്യവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
ALSO READ:ദുരന്തമുഖത്ത് നിന്ന് ആളുകള്‍ ചോദിക്കുന്നു; വിമാനയാത്ര ‘സെയ്ഫാ’ണോ? ഉത്തരമിതാ...
എല്ലാ വിമാനക്കമ്പനികളുടെയും വിമാനങ്ങളിലെ എമർജൻസി എക്സിറ്റുകൾക്ക് സമീപമുള്ള സീറ്റുകൾക്കായുള്ള ആവശ്യവും വര്‍ധിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്നുവീണ വിമാനത്തില്‍ എമര്‍ജന്‍സി എക്സിറ്റിന് സമീപമുള്ള സീറ്റ് 11 എ ആണെങ്കിലും വിമാനങ്ങളുടെ തരത്തെയും ക്ലാസ് കോൺഫിഗറേഷനെയും ആശ്രയിച്ച് എമര്‍ജന്‍സി എക്‌സിറ്റുകൾക്ക് സമീപമുള്ള സീറ്റ് നമ്പറുകൾ വ്യത്യാസപ്പെട്ടിരിക്കും. അധിക ലെഗ് സ്പേസുള്ള ഈ സീറ്റുകൾക്ക് കൂടുതൽ വിലവരും. അതേസമയം വിമാനാപകടമുണ്ടായാൽ എമർജൻസി എക്സിറ്റുകൾക്ക് സമീപമുള്ള സീറ്റുകൾ അധിക സുരക്ഷ നൽകില്ലെന്നാണ് വ്യോമയാന വിദഗ്ധർ പറയുന്നത്. മതിയായ ലെഗ് സ്പേസ് മാത്രമാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. എങ്കില്‍പ്പോലും എമർജൻസി എക്സിറ്റ് അടുത്തുള്ളത് യാത്രക്കാര്‍ക്ക് സമാധാനം നല്‍കുന്നുണ്ടത്രേ.
ALSO READ: ബോയിങ്-787 രാജ്യത്ത് നിര്‍ത്തലാക്കുമോ? അറ്റകുറ്റപ്പണികളില്‍ വീഴ്ചയോ എന്നും അന്വേഷണം
സാധാരണയായി പരിചയസമ്പന്നരായ യാത്രക്കാരും ഉയരംകൂടിയ യാത്രക്കാരുമാണ് പലപ്പോളും ഈ സീറ്റുകൾ തിരഞ്ഞെടുക്കാറുള്ളത്. ഇത്തരം യാത്രക്കാര്‍ ലെഗ്‌റൂമിന്റെ (കൂടുതല്‍ ലെഗ് സ്പേസ്) പ്രീമിയം അടയ്ക്കുന്നതിൽ വിരോധം കാണിക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ മറ്റ് യാത്രക്കാരും എമര്‍ജന്‍സി എക്സിറ്റിന് സമീപം സീറ്റുകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എത്ര അധിക തുകയും നല്‍കി ഇത്തരം സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ തയ്യാറാണെന്നും ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. അതേസമയം, ചില എയര്‍ലൈനുകളാകട്ടെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ എന്നിവരെ എമര്‍ജന്‍സി എക്സിറ്റുകൾക്ക് സമീപം സീറ്റുകൾ അനുവദിക്കില്ല. എമര്‍ജന്‍സി എക്സിറ്റുകള്‍ക്ക് മാത്രമല്ല, ‘വിശ്വാസ്’ എഫക്ടില്‍ 11 A സീറ്റ് നമ്പറിനും ആവശ്യക്കാരേറെയാണ്.
അതേസമയം, രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്‍റെ എന്‍ജിന്‍, ഫ്ലാപ്പുകൾ, ലാൻഡിങ് ഗിയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എയർലൈനിന്റെ മുഴുവൻ ബോയിങ്-787 വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.