ahmedabad-crime

TOPICS COVERED

കോണ്‍ഗ്രസ് എംപി ശക്തിസിങ് ഗോഹിലിന്റെ മരുമകന്‍ ഭാര്യയെ വെടിവച്ചു കൊന്നതിനു പിന്നാലെ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.  അഹമ്മദാബാദിലാണ് സംഭവം. ആദ്യം അബദ്ധത്തില്‍ വെടിയുതിര്‍ത്തതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസെങ്കിലും യഷ്കുമാര്‍ സിങ്ങിന്റെ മരണത്തോടെ അങ്ങനെയല്ലെന്ന് കണ്ടെത്തുകയായിരുന്നു. എംപിയുടെ മരുമകനായ യഷ്കുമാര്‍ സിങ്ങും ഭാര്യ രാജേശ്വരിയുമാണ് മരിച്ചത്. 

കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ജനുവരി 21നാണ്. വസ്ത്രാപുര്‍ മേഖലയിലെ ജഡ്ജസ് ബംഗ്ലോ റോഡിലുള്ള എന്‍ആര്‍ഐ ടവറിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. രണ്ട് മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ആദ്യം അപകടമരണമായി റജിസ്റ്റര്‍  ചെയ്ത കേസ് ഫോറന്‍സിക്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമായി മാറിയത്. 

സംഭവം നടന്ന വീട്ടില്‍ നിന്നും രണ്ട് ബുള്ളറ്റുകള്‍ മാത്രമുണ്ടായിരുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്. ഈ രണ്ടു ബുളറ്റാണ് ഇരുവരുടേയും മരണത്തിനു കാരണമായത്. രാജേശ്വരിയുടെ തലയിലാണ് വെടിയേറ്റതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഭാരതീയ ന്യായ് സംഹിത 103(1) പ്രകാരവും സെക്ഷന്‍(30) ആയുധനിയമപ്രകാരവുമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡിസിപി ഹര്‍ഷത് പട്ടേല്‍ വ്യക്തമാക്കുന്നു. 

സംഭവദിവസം ബന്ധുക്കളുടെ വീട്ടില്‍പോയി അത്താഴം കഴിച്ച് , പുറത്തുനിന്നും ഒരു ജ്യൂസും കുടിച്ച ശേഷമാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.  യഷ്കുമാര്‍ സിങ്ങിന്റെ അമ്മയേയും ചോദ്യം ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

A murder-suicide in Gujarat involving the relative of a Congress MP is under investigation. The incident occurred in Ahmedabad, with police investigating the circumstances surrounding the deaths.