Remains of the crashed Air India plane lie on a building, in Ahmedabad
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വിമാനത്തിന്‍റെ എന്‍ജിന്‍, ഫ്ലാപ്പുകൾ, ലാൻഡിങ് ഗിയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എയർലൈനിന്റെ മുഴുവൻ ബോയിങ്-787 വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
A view shows the rear of an Air India plane following its crash, in Ahmedabad, India, June 12, 2025. CENTRAL INDUSTRIAL SECURITY FORCE VIA X/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.
എയർ ഇന്ത്യയും സർക്കാരും അപകടത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണ്. എഞ്ചിൻ ത്രസ്റ്റ്, ഫ്ലാപ്പുകൾ, വിമാനം പറന്നുയരുമ്പോൾ ലാൻഡിങ് ഗിയർ ഉയരാതിരുന്നതിന്‍റെ കാരണം, നിമിഷങ്ങൾക്കുള്ളിൽ താഴേക്ക് പതിച്ചതിന്റെ കാരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എയർ ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം പക്ഷിയിടിച്ചതാകാം സാധ്യത എന്നുള്ളത് അന്വേഷണത്തിന്‍റെ പ്രധാന മേഖലകളില്‍ ഒന്നല്ലെന്നും വൃത്തങ്ങൾ അറിയിച്ചു. ഭീകര വിരുദ്ധസേനയും അന്വേഷണത്തിന്‍റെ ഭാഗമാണ്.
രാജ്യത്ത് ബോയിങ്-787 വിമാനങ്ങൾ നിർത്തലാക്കണമോ എന്ന് സംബന്ധിച്ചും സർക്കാർ ആലോചിച്ചുവരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എയർ ഇന്ത്യ, ബോയിങ്, വ്യോമയാന മന്ത്രാലയം എന്നിവയൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ബോയിങ് 787-8, 787-9 എന്നിവ ഉള്‍പ്പെടെ 30 ലധികം ഡ്രീംലൈനറുകളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ജൂൺ 15 അർദ്ധരാത്രി മുതൽ ഓരോ വിമാനവും പുറപ്പെടുന്നതിന് മുമ്പ് ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ പരിശോധന നടത്താനും GEnx എന്‍ജിനുകൾ ഘടിപ്പിച്ച ബോയിങ് 787-8/9 വിമാനങ്ങളിൽ അധിക അറ്റകുറ്റപ്പണികൾ നടത്താനും വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് ഉത്തരവിട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്പെക്ഷൻ നടത്തി നിയന്ത്രണ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള എന്‍ജിന്റെ കഴിവ് പരിശോധിക്കുന്നതിനായി പവർ അഷ്വറൻസ് പരിശോധനകൾ നടത്താനും എയർലൈനിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
The Air India Boeing 787 Dreamliner plane that crashed in Ahmedabad on June 12, 2025, flies over Melbourne, Australia, on December 29, 2024, in this handout picture. RYAN ZHANG/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES.
ഒരു ദശാബ്ദത്തിനിടെ ലോകത്തുണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമാണ് അഹമ്മദാബാദ് വിമാനദുരന്തം. 242 പേരുമായി ലണ്ടനിലേക്ക് പറന്ന ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ പറന്നുയർന്ന് നിമിഷങ്ങൾക്കകം തകര്‍ന്നു വീണത്. പിന്നാലെ വിമാനം തീഗോളമായി മാറുകയും ചെയ്തു. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം വീണത്. ഹോസ്റ്റലില്‍ ഉച്ചഭക്ഷണ സമയമായിരുന്നു. ഹോസ്റ്റലിലുണ്ടായുരുന്ന 24 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.