പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. മൊറാദാബാദില്‍ നിന്നും ഷെഹ്സാദ് എന്ന യുവാവിനെയാണ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഐഎസ്ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ കൈമാറാനായി അതിര്‍ത്തി കടന്നെന്നും എടിഎസ് കണ്ടെത്തി. റാംപൂര്‍ സ്വദേശിയാണ് ഷെഹ്സാദ്.
പാക്കിസ്ഥാനിലെ ചാര ഏജൻസികള്‍ക്കായി പ്രവർത്തനം നടത്തിയെന്ന് സംശയമുള്ളവരെ പിടികൂടാനുള്ള രാജ്യവ്യാപകമായ തിരച്ചിലിലാണ് ഷെഹ്സാദ് പിടിയിലാകുന്നത്. സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും യൂട്യൂബർമാരുമടങ്ങുന്ന നിരവധി പേരുടെ അറസ്റ്റ് ഇതിനകം നടന്നിട്ടുണ്ട്. ഇന്ത്യ–പാക് അതിര്‍ത്തിയിലൂടെ കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഷെഹ്സാദിനെതിരെ ലഭിച്ച വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എടിഎസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാകുന്നു.
ഷെഹ്സാദ് നിരവധി തവണ പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയതായും കോസ്മെറ്റിക്സ്, വസ്ത്രങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റു വസ്തുക്കള്‍ ഉള്‍പ്പെടെ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായി കടത്തിയതായും തെളിവു ലഭിച്ചിട്ടുണ്ട്. ഈ സാധനക്കടത്ത് ചാരപ്പണിയ്ക്കുള്ള മറയാണെന്നും എടിഎസ് കണ്ടെത്തി. ഐഎസ്ഐ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇന്ത്യന്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സെന്‍സിറ്റീവ് വിവരങ്ങള്‍ ഷെഹ്സാദ് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കകത്തുനിന്നു കൊണ്ടും ഐഎസ്ഐക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇയാള്‍.
ഐഎസ്ഐ നിര്‍േദശപ്രകാരം ഏജന്റുമാര്‍ക്ക് ഫണ്ട് കൈമാറിയതായും റാംപൂരില്‍ നിന്നുള്‍പ്പെടെയുള്ള യുവാക്കളെ സാധനങ്ങള്‍ കടത്താനായി നിയോഗിച്ചതായും എടിഎസ് കണ്ടെത്തി. ഈ യുവാക്കളെ പിന്നീട് ഐഎസ്ഐയുമായി ബന്ധപ്പെടുത്തുകയും ചാരപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമായി നിയോഗിക്കുകയും ചെയ്തു. ഐഎസ്ഐ വഴിയാണ് ഈ യുവാക്കളുടെ വീസയും യാത്രാരേഖകളും സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സിംകാര്‍ഡുകളടക്കം പാക് ഐസ്ഐ ഏജന്റുമാര്‍ക്ക് ഇയാള്‍ കൈമാറിയിട്ടുണ്ട്.
ഭാരതീയ ന്യായ് സംഹിത 148,152 സെക്ഷനുകള്‍ പ്രകാരം ഷെഹ്സാദിനെതിരെ കേസെടുത്തു. ലക്നൗ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി മറ്റ് നിയമനടപടികള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.