രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരായ രണ്ട് കേസുകളും പ്രത്യേകസംഘത്തിന് കൈമാറി. ആദ്യ കേസില്‍ രാഹുലിനെ പിടികൂടാന്‍ കഴിയാത്തതിനാലാണ് തിരുവനന്തപുരം കമ്മീഷണറുടെ നേതൃത്വത്തില്‍ നിന്ന് അന്വേഷണം മാറ്റിയത്. എസ്.പി ജി.പൂങ്കുഴലി നേതൃത്വം വഹിക്കുന്ന കേസുകള്‍ ഡി.ജി.പി നേരിട്ട് നിരീക്ഷിക്കും. അതിനിടെ രാഹുല്‍ ഇന്നലെ രാത്രി കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.
രണ്ട് ബലാല്‍സംഗം, ഒരു ഭ്രൂണഹത്യ–ഇത്രയും ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതിയാണ് പതിനഞ്ച് ദിവസം മുങ്ങിയ ശേഷം ഒരു പോറല്‍പോലും സംഭവിക്കാത്തതുപോലെ നാട്ടില്‍ പൊങ്ങിയത്. രാഹുലിനെ പിടിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലൂടെ പരക്കം പാഞ്ഞ പൊലീസിനും സര്‍ക്കാരിനും ഇത് നാണക്കേടായി. മുന്‍കൂര്‍ജാമ്യം ലഭിച്ച് ജയിലില്‍ പോകില്ലെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. പത്ത് ദിവസം പിന്നാലെ ഓടിയിട്ടും പിടിക്കാന്‍ കഴിയാത്തത് ആദ്യ കേസ് അന്വേഷിച്ച തിരുവനന്തപുരം കമ്മീഷണറുടെ നേതൃത്വത്തിലെ സംഘത്തിന്‍റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. രാഹുലിനെ തേടി ഓരോ ഒളിയിടത്തിലെത്തുമ്പോഴും രാഹുല്‍ അവിടന്ന് രക്ഷപെടുകയായിരുന്നു. വിവരം ചോര്‍ന്നതാണോ കാരണമെന്ന സംശയവുമുണ്ട്. ഇതുകൊണ്ടാണ് ആ അന്വേഷണവും ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലെ പ്രത്യേകസംഘത്തിനെ ഏല്‍പ്പിച്ചതെന്നാണ് സംശയം. എന്നാല്‍ അങ്ങിനയല്ലെന്നും, സമാന സ്വഭാവമുള്ള രണ്ട് കേസുകളും ഒരു പ്രത്യേകസംഘം അന്വേഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. കേസുകളുടെ മേല്‍നോട്ടം റവാഡ ചന്ദ്രശേഖര്‍ നേരിട്ട് നടത്തും.
തിങ്കളാഴ്ച രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനിടെ ഇന്നലെ രാത്രി പാലക്കാട് നിന്ന് കൊച്ചിയിലെത്തി രാഹുല്‍ ഹൈക്കോടതി അഭിഭാഷകന്‍ രാജീവിനെ വീട്ടിലെത്തിക്കണ്ടു. രാഹുലിന്‍റെ അദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അത് തള്ളിയാല്‍ രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ പൊലീസിന് വീണ്ടും വഴിതുറക്കും.