പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അമ്മയോടുളള പകതീര്‍ക്കാന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തി അയല്‍വാസി. മധ്യപ്രദേശിലെ സ്തനയിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. 10 വയസുകാരന്‍ ശിവരാജ് രാജക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി മതുര രാജക് പൊലീസിന്‍റെ പിടിയിലായി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അഞ്ചാം ക്ലാസുകാരന്‍ ശിവരാജിന്‍റെ കൊലപാതകവിവരം പുറംലോകം അറിയുന്നത്. ശിവരാജിന്‍റെ അമ്മ ആശ വീട്ടുപണിക്കും സഹോദരി സെജല്‍ പുറത്തും പോയ സമയത്തായിരുന്നു കൊലപാതകം. പത്തുവയസുകാരന്‍ ശിവരാജ് വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ മതുര രാജക് രാവിലെ പത്തരയോടെ ആശയുടെ വീട്ടില്‍ കയറി കൃത്യം നടത്തുകയായിരുന്നു. അരിവാള്‍ കൊണ്ട് ശിവരാജിന്‍റെ കഴുത്തറുത്ത ശേഷം മൃതദേഹം വീടിനകത്ത് തന്നെയുളള നീല ഡ്രമ്മില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.

സഹോദരി സെജല്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് വീട് അകത്തുനിന്ന് പൂട്ടിയിരിക്കുന്നതാണ്. സഹോദരനെ അടുത്തുളള പരിസരത്തെല്ലാം തിരഞ്ഞ സെജല്‍ തിരികെ വീട്ടില്‍ വന്ന് ജനലിലൂടെ നോക്കിയപ്പോള്‍ അകത്ത് ലൈറ്റും ഫാനും ഓണായി കിടക്കുന്നത് കണ്ടു. അടുക്കളയുടെ ഭാഗത്തുളള ഡ്രമ്മിന് മുകളില്‍ രക്തം പുരണ്ട അരിവാളിരിക്കുന്നത് കൂടി കണ്ടതോടെ പരിഭ്രമിച്ച സെജല്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തി വീട് തുറന്ന് നടത്തിയ പരിശോധനയില്‍ ശിവരാജിന്‍റെ മൃതദേഹം ഡ്രമ്മിനകത്ത് നിന്നും കണ്ടെത്തി. കൃത്യം നടത്താനുപയോഗിച്ച അരിവാളും ഫൊറന്‍സിക് വിദ്ഗധര്‍ സംഭവസ്ഥലത്ത് നിന്നും ശേഖരിച്ചു. സെജലിന്‍റെ മൊഴിയാണ് അയല്‍വാസി മതുര രാജക് ആകാം പ്രതി എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

പലവട്ടം അമ്മ ആശയോട് മതുര രാജക് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും അമ്മ അതെല്ലാം നിരസിച്ചതോടെ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നെന്നും സെജല്‍ പൊലീസിനോട് പറഞ്ഞു. നീ ചെയ്യുന്നതിന്‍റെയെല്ലാം ഫലം നിന്‍റെ മകന്‍ അനുഭവിക്കേണ്ടി വരുമെന്നും അടുത്തിടെ മതുര രാജക് ഭീഷണിപ്പെടുത്തിയിരുന്നെന്നും സെജല്‍ പൊലീസിനോട് പറഞ്ഞു. ആശയുടെ ഭര്‍ത്താവ് മറ്റൊരു ഗ്രാമത്തില്‍ കൂലിപ്പണി ചെയ്ത് വരികയായിരുന്നു. ആശ  സ്വന്തം നാട്ടില്‍ വീട്ടുജോലിയും ചെയ്താണ് ഉപജീവനം നയിച്ചിരുന്നത്. ആശ പ്രണയം നിരസിച്ചതിലുള്ള പകയാണ് ശിവരാജിന്‍റെ കൊലപ്പെടുത്തുന്നതിലേക്ക് മതുര രാജകിനെ നയിച്ചതെന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ പൊലീസ് രണ്ടുദിവസത്തിനകം  അറസ്റ്റ്  ചെയ്തു.

ENGLISH SUMMARY:

A shocking crime occurred in Madhya Pradesh where a neighbor brutally murdered a 10-year-old boy out of revenge against his mother. The incident highlights a disturbing motive driven by unrequited love and threats.