തെലങ്കാനയില്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എന്‍ജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എന്‍ജിനീയറിങ് രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ കകാനി ജ്യോതി ശ്രാവൺ സായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.
പൊലീസ് പറയുന്നത് പ്രകാരം, ബീരാംഗുഡയിലെ ഇസുകബാവിയിൽ താമസിക്കുന്ന 19 കാരിയായ ശ്രീജയുമായി പത്താം ക്ലാസുമുതല്‍ ശ്രാവൺ പ്രണയത്തിലായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾക്കും ഈ ബന്ധത്തെകുറിച്ചറിയാം. എന്നാല്‍ ശ്രീജയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു. മുമ്പ് പലതവണ ഇവര്‍ ശ്രാവണെ താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ടാം വർഷ ബിസിഎ വിദ്യാർഥിനിയായ ശ്രീജ മൂന്നുമാസം ഗര്‍ഭിണിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവ ദിവസം ശ്രീജയുടെ മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ശ്രാവൺ ശ്രീജയുടെ വീട്ടിലെത്തി. അവിടെ വെച്ച് ശ്രീജയും അമ്മ സിരിയും തമ്മില്‍ വഴക്കുണ്ടായതായും പിന്നാലെ ദേഷ്യത്തിൽ അമ്മ മകളെയും ശ്രാവൺ സായിയെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ശ്രീജയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രാവണിന് പരുക്കേറ്റതായാണ് പറയുന്നത്. വഴക്കിന് ശേഷവും മൂവരും വീട്ടില്‍ തന്നെ തുടര്‍ന്നു.
ബുധനാഴ്ച പുലർച്ചെ 3.30 ഓടെ ശ്രാവണിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതായാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കെപിഎച്ച്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതോടെ നിസാംപേട്ടിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.30 ന് മരണം സംഭവിക്കുകയും ചെയ്തു. ശ്രാവണിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിനും വാരിയെല്ലുകൾക്കും ഒടിവുകളുണ്ടായിരുന്നു. ശ്രീജയുടെ വലതുകൈയ്ക്ക് ഒടിവും മറ്റ് പരിക്കുകളുമുണ്ട്.
സംഭവത്തില്‍ അമീൻപൂർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും കണ്ടെടുത്തു. മകളെ ആശുപത്രിയിൽ പരിചരിക്കുന്നതിനാൽ അമ്മയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ശ്രാവണിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണികള്‍ അവഗണിച്ച് ബന്ധം തുടര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നോയെന്നും മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കുത്തുബുള്ളാപൂരിലെ ഒരു വാടക മുറിയിലായിരുന്നു ശ്രാവണിന്‍റെ താമസം.