telangana-salary-record

ശമ്പളവും പെന്‍ഷനും നല്‍കുന്നതില്‍ റെക്കോര്‍ഡിട്ട് തെലങ്കാന സര്‍ക്കാര്‍. ആറായിരം കോടി രൂപയിലേറെയാണ് പ്രതിമാസം ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്ന് കണക്കുകള്‍. സുദീര്‍ഘമായ സര്‍വീസുള്ള ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികള്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയ്ക്കടുത്തും മുതിര്‍ന്ന എന്‍ജിനീയര്‍മാര്‍ ഏഴ് ലക്ഷം രൂപവരെയും ശമ്പളം വാങ്ങുന്നുവെന്നാണ് കണക്ക്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും അല്ലാതെയും നടപ്പിലാക്കിയ ശമ്പള പരിഷ്കരണങ്ങളാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഡിസ്കോം, തെലങ്കാന സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ്, തെലങ്കാന നോര്‍ത്തേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാരാണ് 7 ലക്ഷം പ്രതിമാസം ശമ്പളം കൈപ്പറ്റുന്നത്. നാലുവര്‍ഷത്തിലൊരിക്കല്‍ ഇവര്‍ക്ക് ശമ്പളം പരിഷ്കരിക്കാറുണ്ട്.

ജിഎച്ച്എംസിയിലാവട്ടെ സ്ഥിരപ്പെടുത്തിയ ശുചീകരണത്തൊഴിലാളികള്‍ക്ക് 70,000 രൂപയാണ് മാസശമ്പളം. അതേസമയം, തുടക്കക്കാരനായ ഒരു മുനിസിപ്പല്‍ സ്റ്റാഫിന് കിട്ടുന്നത് 28,000  രൂപയുമാണ്. ക്ലാസ് 4 ലെ സീനിയറാകുമ്പോള്‍ രണ്ട് ലക്ഷം രൂപവരെയും ശമ്പളം ലഭിക്കും. 

ശമ്പളഘടന ഇങ്ങനെ: ഡിഎ: അടിസ്ഥാന ശമ്പളത്തിന്‍റെ 33.67 ശതമാനം

ഗ്രൂപ്പ്1 (സീനിയര്‍ ഓഫിസര്‍മാര്‍):  അടിസ്ഥാന ശമ്പളം 54,000–1,33,000. ഗ്രോസ് 80,000–1.5 ലക്ഷം

ഗ്രൂപ്പ് 2 (മിഡ് ലെവല്‍): അടിസ്ഥാന ശമ്പളം 38,890–11,8230, ഗ്രോസ് 60,000–1.2 ലക്ഷം

ഗ്രൂപ്പ് 3 (ക്ലറിക്കല്‍/ടെക്നിക്കല്‍): അടിസ്ഥാന ശമ്പളം 32,810–96,890 , ഗ്രോസ് 45000–ഒരു ലക്ഷത്തിലേറെ

ഗ്രൂപ്പ്–4 (സപ്പോര്‍ട്ട് സ്റ്റാഫ്): അടിസ്ഥാന ശമ്പളം 24,280–72850, ഇന്‍ഹാന്‍ഡ് 35,000–50,000 

ജീവനക്കാരിലേറെയും ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലായതിനാല്‍ സര്‍ക്കാരിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധ്യത നിലനില്‍ക്കും. ഭീമമായ ശമ്പളം നല്‍കുന്നുണ്ടെങ്കിലും അത് ഖജനാവിനെ ബാധിക്കുന്നില്ലെന്നും സംസ്ഥാനത്തിന്‍റെ നികുതി വരുമാനം വര്‍ധിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 2023–24 ലെ സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിന്‍റെ 45 ശതമാനവും ശമ്പളവും പെന്‍ഷനും കടത്തിന്‍മേലുള്ള പലിശയും നല്‍കാനാണ് െചലവഴിക്കുന്നത്. അങ്ങനെയാണെങ്കില്‍ തെലങ്കാനയുടെ സമ്പദ്​വ്യവസ്ഥ ഭദ്രമാണെന്നും ജിഎസ്ഡിപി വളര്‍ച്ച 10 ശതമാനത്തിന് മേലെയാണെന്നും രാജ്യത്ത് തന്നെ ഉയര്‍ന്ന ആളോഹരി വരുമാനം തെലങ്കാനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

 

2025–26ലെ ബജറ്റ് പ്രകാരം തെലങ്കാനയിലെ നികുതി വരുമാനം 2.30 ലക്ഷം കോടിയും ചെലവ് 2.27 ലക്ഷം കോടിയുമാണ് കണക്കാക്കിയിരുന്നത്. വിദ്യാഭ്യാസത്തിന് 23,108 കോടി, ആരോഗ്യ,മെഡിക്കല്‍, കുടുംബ ക്ഷേമത്തിന് 12,393 കോടി, പട്ടികജാതി–പട്ടികവര്‍ഗ ക്ഷേമത്തിന് 57,401 കോടി, കൃഷി–ഗ്രാമ വികസനത്തിന് 24,439 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ പ്രധാനമായും വകയിരുത്തിയിരുന്നത്.

ENGLISH SUMMARY:

Telangana government has set a new record in salary and pension disbursements, spending over ₹6,000 crore monthly. Reports reveal that senior sanitation workers in the Greater Hyderabad Municipal Corporation (GHMC) earn nearly ₹2 lakh per month, while senior engineers in the power sector receive up to ₹7 lakh. These massive payouts are attributed to periodic wage revisions implemented by the state government over the years. Despite high expenditures, the government maintains that the state's economy is stable, with a GSDP growth rate exceeding 10%. Per capita income in Telangana remains among the highest in the country, supported by robust tax revenue. However, CAG reports indicate that a significant portion of the tax income is utilized for salaries, pensions, and interest payments. The 2025-26 budget reflects the state's focus on welfare and infrastructure alongside these high-salary structures.