പാലക്കാട് ഷൊർണൂർ കൂനത്തറയിൽ മകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണന്‍ (63) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകൻ മനോജ്, മരത്തടി കൊണ്ട് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
കൂനത്തറയ്ക്ക് സമീപം ചണ്ണമ്പറ്റ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വച്ച് കഴിഞ്ഞമാസം 23നാണ് സംഭവം. ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടായി. തർക്കത്തിനിടയിൽ മകൻ മനോജ് മരത്തടി കൊണ്ട് ഉണ്ണികൃഷ്ണനെ തലക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി ഉണ്ണികൃഷ്ണൻ മരിച്ചത്.
സംഭവത്തിന് ശേഷം വീട്ടിൽ നിന്നും രക്ഷപ്പെട്ട മനോജിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് എത്തി പരിസരത്ത് നിന്നും പിടികൂടിയിരുന്നു. ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡിൽ ആണ് മനോജ്.