ഡൽഹി മലയാളികൾക്കും രാജ്യതലസ്ഥാനം കാണാനെത്തുന്നവർക്കും ഒരു സന്തോഷവാർത്ത. തനി നാടൻ പലഹാരങ്ങൾ കഴിക്കാൻ തോന്നുന്നുണ്ടോ ? നേരെ പൊയ്ക്കോളൂ ഇന്ത്യ ഗേറ്റിന് സമീപത്തെ കുടുംബശ്രീ കഫേയിലേക്ക്.
പഴംപൊരി, പരിപ്പുവട ,വെട്ടു കേക്ക്, പൊറോട്ട. ഇന്ത്യ ഗേറ്റ് കോംപ്ലക്സിനുള്ളിൽ വന്നാൽ തനിനാടൻ പലഹാരങ്ങൾ മിതമായ നിരക്കിൽ കഴിക്കാം. ഉച്ചയൂണിന് കേവലം 70 രൂപ മാത്രം.
രാവിലെ ഒൻപത് മണി മുതൽ രാത്രി 10 മണി വരെ സ്നേഹത്തോടെ ഭക്ഷണമുണ്ടാക്കി വിളമ്പാൻ കാസർകോടുകാരായ ഈ രണ്ട് ചേച്ചിമാരും. ഹോട്ടൽ തുടങ്ങിയിട്ട് അധികമാകാത്തതിനാൽ ആളുകൾ കേട്ടറിഞ്ഞെത്തുന്നതെയുള്ളൂ. കേരളരുചി ഇഷ്ടപ്പെടുന്ന വടക്കേ ഇന്ത്യക്കാരും ആവേശത്തോടെ ഭക്ഷണം കഴിക്കുന്നു. അതീവ സുരക്ഷാ മേഖലയായ ഇന്ത്യ ഗേറ്റ് പരിസരത്ത് പാചക വാതകം ഉപയോഗിക്കാൻ കഴിയില്ല, അതിനാൽ ഇലക്ട്രിക് അടുപ്പിലാണ് പാചകം. കേരളത്തിന് പുറത്തെ കുടുംബശ്രീയുടെ ആദ്യ ഹോട്ടലാണ് കഫേ കുടുംബശ്രീ