ആരാധകരെ ആവേശത്തിലാക്കി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ഡൽഹിയിൽ. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗ്യാലറിയിലേക്ക് പന്തുതട്ടിയ മെസ്സി കുട്ടികള്‍ക്കൊപ്പവും ഫുട്ബോള്‍ കളിച്ചു. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ മെസി വീണ്ടും വരുമെന്ന് പറഞ്ഞാണ് മടങ്ങിയത്.
ക്രിക്കറ്റ് മല്‍സരങ്ങളുടെ ആവേശം അലയടിച്ചിരുന്ന ഡല്‍ഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം ഇന്ന് കണ്ടത് ഫുട്ബോള്‍ രാജാവിനുള്ള ആവേശ വരവേല്‍പ്പ്. അർജന്റീന ജേഴ്‌സി ധരിച്ചെത്തിയ ആയിരകണക്കിന് ആരാധകർ ആർപ്പുവിളിയോടെ മെസിയെ സ്വാഗതം ചെയ്തു. സ്റ്റേഡിയം വലംവച്ച് അഭിവാദ്യം ചെയ്ത്, ഗ്യാലറിയിലേക്ക് പന്തുതട്ടി ആവേശം പങ്കിട്ടു മെസി. പിന്നെ കുട്ടി ആരാധകര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു. ഒപ്പം ഡി പോളും സുവാരസും. സ്നേഹത്തിന് അകമഴിഞ്ഞ നന്ദിയെന്ന് മെസി.
കേരളത്തില്‍ മെസിയുടെ വരവ് പ്രതീക്ഷിച്ച് നിരാശരായവരടക്കം വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഒട്ടേറെപ്പേരാണ് മെസിയെ കാണാനെത്തിയത്. ഗോട്ട് ഇന്ത്യ ടൂർ 2025–ന്‍റെ ഭാഗമായാണ് മെസി ഡല്‍ഹിയിലെത്തിയത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ഐസിസി ചെയർമാൻ ജയ് ഷായും മെസ്സിക്ക് ജേഴ്‌സിയും ക്രിക്കറ്റ് ബാറ്റും സമ്മാനിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയുമെത്തി. 40 മിനിറ്റ് മെസി സ്റ്റേഡിയത്തില്‍ ചെലവഴിച്ചു. പ്രതികൂല കാലാവസ്ഥ കാരണം വിമാനമിറങ്ങാനാകാത്തതിനാല്‍ വൈകിയാണ് മെസി ഡൽഹിയിലെത്തിയത്.
ഇന്ന് രാത്രി മെസ്സി റിലയൻസ് ഫൗണ്ടേഷന്റെ വൻതാരയില്‍ തങ്ങും. അനന്ത് അംബാനി വൻതാരയിൽ ആതിഥേയത്വം വഹിക്കും. നാളെ വൻതാര സന്ദര്‍ശനം. ഇതിനായി മെസ്സിയും സുവാരസും ഗുജറാത്തിലെ ജാംനഗറിൽ എത്തി.