നടി അനുപമ പരമേശ്വരൻ ഒരു അഭിമുഖത്തിൽ 'നാർസിസിസ്റ്റിക് റിലേഷൻഷിപ്പി'നെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതോടെ 'നാർസിസിസ്റ്റിക് റിലേഷൻഷിപ്പ്' എന്ന പദവും വീണ്ടും ശ്രദ്ധ നേടുകയാണ്. എന്നാൽ എന്താണ് യഥാർഥത്തിൽ ഒരു നാർസിസിസ്റ്റിക് ബന്ധം?

ഒരു വ്യക്തി സ്വന്തം ആവശ്യങ്ങൾക്കും വികാരങ്ങൾക്കും മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പങ്കാളിയുടെ വികാരങ്ങളെയും ആവശ്യങ്ങളെയും തുടർച്ചയായി അവഗണിക്കുന്നുവെന്നും തോന്നുന്ന ബന്ധത്തെയാണ് പൊതുവെ നാർസിസിസ്റ്റിക് റിലേഷൻഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്.

'വിവാഹനിശ്ചയം മുടക്കിയത് ഞാന്‍, എല്ലാത്തിലും നിയന്ത്രണം, സിനിമകളുടെ പ്രമോഷന് പോയില്ല'; പ്രണയബന്ധത്തെ...

ഇത്തരം ബന്ധങ്ങളിൽ ഒരു വ്യക്തി മറ്റേയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പ്രവണത പ്രകടിപ്പിച്ചേയ്ക്കാം. ബന്ധത്തിന്റെ തുടക്കത്തിൽ അമിതമായ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന ചിലർ പിന്നീട് നിയന്ത്രണപരമായ പെരുമാറ്റത്തിലേയ്ക്കും വൈകാരിക സമ്മർദത്തിലേയ്ക്കും മാറുന്നു.

നിങ്ങള്‍ ഒരു നാർസിസിസ്റ്റിക് ബന്ധത്തിലാണോ ?

പങ്കാളിയുടെ വികാരങ്ങളെ അവഗണിക്കുക, പങ്കാളിയുടെ വികാരങ്ങൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകാതിരിക്കുകയും സ്വന്തം വികാരങ്ങൾ മാത്രം പ്രധാനമാണെന്ന് കരുതുകയും ചെയ്യുന്നത് ഇത്തരം ബന്ധങ്ങളുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. 

സ്വന്തം നേട്ടങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും മറ്റുള്ളവരിൽ നിന്ന് അംഗീകാരവും പ്രശംസയും പ്രതീക്ഷിക്കുകയും ചെയ്യുന്നത് ഇത്തരക്കാരുടെ ഒരു സാധാരണ സ്വഭാവമാണ്. പങ്കാളിയുടെ തീരുമാനങ്ങൾ, സൗഹൃദങ്ങൾ, വ്യക്തിപരമായ കാര്യങ്ങൾ എന്നിവയിൽ അമിതമായി ഇടപെടുകയും എല്ലാം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യാം.

'രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയി, മഞ്ഞ ഉടുപ്പുള്ള ചിത്രത്തിന് പകരം റെസ്റ്റ് ഇന...

ചെറിയ കാര്യങ്ങളിൽപ്പോലും പങ്കാളിയെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നു. ഇത് ഉറപ്പായും ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണതയും ഇത്തരം ബന്ധങ്ങളിൽ കാണാം.

ഇത്തരത്തിലുള്ള ബന്ധങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും?

നാർസിസിസ്റ്റിക് ബന്ധങ്ങൾ പലപ്പോഴും വൈകാരികമായ തളര്‍ച്ചയ്ക്ക് കാരണമാകാം. ഇത്തരം ബന്ധങ്ങളിലുള്ളവർക്ക് ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, മാനസിക സമ്മർദം, ഏകാന്തത തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

എല്ലാ വിഷമകരമായ ബന്ധങ്ങളും നാർസിസിസ്റ്റിക് ആകണമെന്നില്ല. ഒരു ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങളോ വഴക്കുകളോ ഉണ്ടാകുന്നത് മാത്രം അതിനെ നാർസിസിസ്റ്റിക് ബന്ധമാക്കുന്നില്ല. ഇത്തരം പെരുമാറ്റങ്ങൾ ദീർഘകാലമായി ആവർത്തിക്കുകയും അത് ഒരാളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് ഈ പദം ഉപയോഗിക്കുന്നത്.

ധ്രുവ് വിക്രം ടോക്സിക്കോ?; മീമുകളിൽ അനുപമ പരമേശ്വരന്റെ കമന്റ്, സൈബറിടത്ത് ചര്‍ച്ച ...

നാർസിസിസ്റ്റിക് ബന്ധത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം?

ഒരു നാർസിസിസ്റ്റിക് ബന്ധത്തിൽ നിന്ന് പുറത്തുകടക്കുന്നത് പലപ്പോഴും എളുപ്പമുള്ള കാര്യമല്ല. കാരണം, ഇത്തരം ബന്ധങ്ങളിൽ വൈകാരികമായ ആശ്രിതത്വം, കുറ്റബോധം, ആശയക്കുഴപ്പം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ സാഹചര്യത്തെ കൂടുതൽ ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ കഴിയും. നിങ്ങളുടെ വികാരങ്ങൾ നിരന്തരം അവഗണിക്കപ്പെടുന്നുണ്ടോ, എല്ലാ പ്രശ്നങ്ങൾക്കും നിങ്ങളെയാണോ കുറ്റപ്പെടുത്തുന്നത്, ബന്ധത്തിൽ നിങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്ന് തോന്നുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആദ്യം തിരിച്ചറിയണം. 

അതേസമയം, സ്വന്തം വികാരങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ട പ്രാധാന്യം നൽകുകയും ആത്മാഭിമാനം നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകുകയും വേണം. ബന്ധം നിലനിർത്തുന്നതിനായി സ്വന്തം സന്തോഷം പൂർണമായും മാറ്റിവെയ്ക്കരുത്. നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കുന്നതും വളരെ പ്രധാനമാണ്. കൂടാതെ, കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ പിന്തുണ തേടുന്നതും സഹായകരമായേക്കാം. ഒറ്റയ്ക്ക് എല്ലാ പ്രശ്നങ്ങളും നേരിടാൻ ശ്രമിക്കുന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കാൻ സാധ്യതയുണ്ട്. ബന്ധം നിങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെങ്കിൽ, അതിൽ നിന്ന് അകന്നുനിൽക്കുന്നതും ഒരു പരിഹാരമായേക്കാം. എന്നാൽ അത്തരം തീരുമാനങ്ങൾ ആലോചിച്ച് മാത്രം എടുക്കുന്നതാണ് ഉചിതം.

ഇതോടൊപ്പം, മാനസികാരോഗ്യ വിദഗ്ധരുടെ വിലയിരുത്തലില്ലാതെ ഒരാളെ നാർസിസിസ്റ്റിക് വ്യക്തിയാണെന്ന് മുദ്രകുത്തുന്നതും ശരിയായ സമീപനമല്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തുന്നതിനുപകരം, ഇത്തരം വിഷയങ്ങളിൽ വിദഗ്ധരുടെ അഭിപ്രായം തേടുന്നതാണ് കൂടുതൽ ഉചിതം.

നിങ്ങള്‍ ഒരു നാർസിസിസ്റ്റിക് ബന്ധത്തിലാണോ? എന്താണ് നാർസിസിസ്റ്റിക് റിലേഷൻഷിപ്പ്? ഈ 'റെഡ് ഫ്ലാഗ്' തിരിച്ചറിയാം | narcissistic-relationship-explained:

Narcissistic relationships involve one person prioritizing their own needs and disregarding their partner's feelings, leading to control and emotional distress. Recognizing these patterns and setting boundaries are crucial steps towards navigating and potentially exiting such toxic dynamics.