അടുത്തിടെ തന്‍റെ പ്രണയബന്ധത്തില്‍ നിന്ന് നേരിട്ട നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് അനുപമ തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. സിനിമാ ഇൻഡസ്ട്രിയിൽ തനിക്ക് എല്ലായ്‌പ്പോഴും ആശ്രയിക്കാവുന്നവരെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും മാനസികമായി തളരുന്ന നിമിഷങ്ങളിലും നടൻ ദുൽഖർ സൽമാൻ നൽകുന്ന പിന്തുണയെക്കുറിച്ച് അനുപമ മനസ്സുതുറന്നു. മാനസികമായി തളർന്നിരിക്കുന്ന സമയങ്ങളിൽ പ്രതീക്ഷിക്കാത്ത നിമിഷങ്ങളിലാണ് ദുൽഖറിന്റെ സന്ദേശങ്ങൾ എത്താറുള്ളതെന്നും, അദ്ദേഹത്തോടു സംസാരിക്കുന്നതോടെ താൻ സാധാരണ നിലയിലാകാറുണ്ടെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞു

'ഈ ചോദ്യം കേൾക്കുമ്പോൾ ആദ്യം വരുന്ന പേര് ദുൽഖറിന്റേതാണ്. എപ്പോഴെല്ലാം ഞാൻ മാനസികമായി തളർന്നിരിക്കുന്നുവോ അപ്പോഴൊക്കെ ദുൽഖർ എനിക്ക് മെസേജ് അയക്കും. അത്ഭുതത്തോടെയാണ് ഞാനത് കാണാറുള്ളത്. ദുൽഖറിനോട് കുറച്ചു നേരം സംസാരിച്ചാൽ പിന്നെ ഞാൻ സാധാരണ നിലയിലാകും,' അനുപമ പറഞ്ഞു. 

ദുൽഖറിനെപ്പോലെ തന്നെ തനിക്ക് വിശ്വാസമുള്ള മറ്റൊരു സുഹൃത്താണ് നടൻ റാം പൊത്തിനേനി എന്നും അനുപമ പറയുന്നു. തന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനും വിളിക്കാനും ഇപ്പോൾ ധാരാളം സുഹൃത്തുക്കളുണ്ട്. അതെല്ലാം തനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. എങ്കിലും, ഇവരെക്കാളൊക്കെ തനിക്ക് എപ്പോഴും ആശ്രയിക്കാൻ പറ്റുന്ന ഏക വ്യക്തി ദുൽഖർ മാത്രമാണെന്നും അനുപമ പരമേശ്വരൻ വ്യക്തമാക്കി.

ബന്ധത്തിൽ നിന്നുള്ള കടുത്ത മാനസികസമ്മർദ്ദം മൂലം കണ്ണ് നീർഗ്രന്ഥി താഴ്ന്നുപോവുകയും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വരുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി. തുടർച്ചയായ തർക്കങ്ങളും മാനസിക അസ്വസ്ഥതകളും നിറഞ്ഞതായിരുന്നു ആ ബന്ധമെന്ന് അനുപമ വെളിപ്പെടുത്തി. അതികഠിനമായ പാനിക് അറ്റാക്കും ഉത്കണ്ഠയും മൂലം കൈകാലുകൾ വിറയ്ക്കുകയും ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. ശരീരഭാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് സിനിമാ ചിത്രീകരണം വരെ നിർത്തിവയ്ക്കേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തിൽ അതികഠിനമായ വേദനാജനകമായ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ പങ്കാളിയിൽ നിന്ന് അല്പം കരുണയും സഹാനുഭൂതിയും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും, എല്ലാ രാത്രികളിലും കരഞ്ഞുതീർക്കേണ്ടി വന്നുവെന്നും താരം വേദനയോടെ ഓർത്തെടുത്തു.  

ENGLISH SUMMARY:

Actress Anupama Parameswaran recently opened up about experiencing narcissistic abuse from a former partner during a candid interview with Dhanya Varma. In the same conversation, she revealed that Malayalam star Dulquer Salmaan is her most reliable pillar of support in the film industry. She shared that whenever she feels emotionally low, Dulquer consistently checks in on her with comforting messages. The actress also mentioned Telugu actor Ram Pothineni as someone she can rely on, expressing gratitude for the industry friends who regularly check on her well-being.