എസ്എംഎ ബാധിതരായ കുട്ടികളില്‍ ആരോഗ്യവകുപ്പ് മരുന്നു പരീക്ഷണം നടത്തുകയാണെന്ന അതീവ ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍. വർഷങ്ങളായി നൽകി വന്നിരുന്ന മരുന്നിന് പകരം ഇന്നലെ മുതൽ എസ്.എം.എ ക്ലിനിക്കുകളിലൂടെ വിതരണം ചെയ്യുന്ന പുതിയ മരുന്നിന്റെ പാക്കറ്റിൽ ‘ഡോക്ടേഴ്സ് സാംപിൾ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പഴയ മരുന്നിലൂടെ ആരോഗ്യപുരോഗതി കൈവരിച്ച കുട്ടികൾക്ക് പുതിയ മരുന്ന് ഫലപ്രദമാകുമോ എന്ന ആശങ്കയിലാണ് 108 കുട്ടികളുടെ കുടുംബങ്ങൾ. അതേസമയം, ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി അംഗീകാരം ലഭിച്ച മരുന്നാണ് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. Also Read: തൃണമൂൽ വിട്ട് മാസങ്ങള്‍ മാത്രം; തർക്കത്തിൽ കിടന്ന ഭൂമി യൂസഫ് പത്താന് വിട്ടുനൽകി ഗുജറാത്ത് സർക്കാർ
മൂന്നുവയസുകാരനായ ദ്രുപത് ആദ്യ ചുവടുകൾ വയ്ക്കാനുള്ള ശ്രമത്തിലാണ്. ഒന്നര വർഷമായി ആരോഗ്യവകുപ്പ് സൗജന്യമായി നൽകുന്ന മരുന്നിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ. എന്നാൽ, സർക്കാർ നേരത്തെ നൽകിയിരുന്ന വിദേശകമ്പനിയുടെ മരുന്നിന് പകരം ഇന്ത്യൻ കമ്പനിയുടെ മരുന്നാണ് ഇന്നലെ മുതൽ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ എസ്.എം.എ ക്ലിനിക്കിൽ മരുന്ന് വാങ്ങാനെത്തിയ ദ്രുപതിന്റെ അമ്മ ലക്ഷ്മി, ‘ഡോക്ടേഴ്സ് സാംപിൾ’ എന്ന് രേഖപ്പെടുത്തിയ മരുന്ന് ലഭിച്ചതോടെ ആശങ്കയിലായി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലക്ഷങ്ങൾ വിലവന്നിരുന്ന മരുന്ന് യുഡിഎഫ് സർക്കാർ വെറും 8,000 രൂപയ്ക്ക് ലഭ്യമാക്കിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. എന്നാൽ, സൗജന്യ ചികിത്സയെ ആശ്രയിക്കുന്ന 108 കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാനോ പുതിയ മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അവർക്ക് വ്യക്തമായ വിശദീകരണം നൽകാനോ സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നു. അതേസമയം, പുതുതായി വിതരണം ചെയ്യുന്ന ഇന്ത്യൻ നിർമിത മരുന്നിന് രാജ്യത്തെ മരുന്നുകളുടെ ഗുണനിലവാരവും അംഗീകാരവും സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കുന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
എസ്.എം.എ അപൂർവവും ഗുരുതരവുമായ രോഗമാണ്. രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങൾ വലിയ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, മരുന്ന് മാറ്റുന്നതിന്റെ കാരണങ്ങൾ, പുതിയ മരുന്നിന്റെ സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ രക്ഷിതാക്കളുടെ വിശ്വാസം ഉറപ്പാക്കാനും സുതാര്യത പുലർത്താനും ആരോഗ്യവകുപ്പ് തയ്യാറാകണം.