യുപിഐ ആപ്പ് വഴി കൈക്കൂലി വാങ്ങിയ കോട്ടയം വൈക്കം സിഐ ഷമീർഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. സിഐ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് ഡയറക്ടർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഷമീർഖാനെതിരെ കർശന നടപടി വേണമെന്നാണ് ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ടിലുള്ളത്. മണ്ണു മാഫിയ ബന്ധമുള്ളവർ, ലോറി ഉടമകൾ, വിവിധ കേസുകളിലെ പ്രതികൾ ഇവരിൽ നിന്നെല്ലാം ഡിജിറ്റലായി ഷമീര്‍ഖാന്‍ കൈക്കൂലി വാങ്ങിയെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യുവടക്കം റിപ്പോര്‍ട്ട് നല്‍കിയത്. Also Read: വൈക്കം സിഐയ്ക്ക് മാസപ്പടി രണ്ടേകാല്‍ ലക്ഷം! കൈക്കൂലിക്ക് അസംകാരന്‍റെ ബാങ്ക് അക്കൗണ്ട്; തൂക്കി വിജിലന്‍സ്
കൈക്കൂലി വാങ്ങാൻ വേണ്ടി മാത്രം അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ഒരു മാസം കൊണ്ടുമാത്രം രണ്ടു ലക്ഷത്തി 28,000 രൂപ അക്കൗണ്ടിൽ എത്തുകയും ചെയ്തു. സിഐ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് ഡയറക്ടർ ഡിജിപിക്ക് റിപ്പോർട്ട് ചെയ്തു. ഇതിനിടെ സിഐ ഷമീർഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. സിഐക്കെതിരെ സ്പെഷൽ ബ്രാഞ്ചും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഡിജിറ്റൽ കൈക്കൂലിക്ക് തെളിവായി ഷമീർഖാന്റെ ഫോണും എടിഎം കാർഡും വിജിലൻസ് പിടിച്ചെടുത്തത്. ശനിയാഴ്ച വിജിലൻസ് കേസെടുത്തിരുന്നു. ഷമീർഖാനെതിരെ വൈകാതെ നടപടി ഉണ്ടാകും.