മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയം മലപ്പുറം സ്വദേശിയായ 15 കാരിക്ക് പുതു ജീവനേകി.
ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുട്ടിക്ക് ഹൃദയ സംബന്ധമായ തകാരാര്‍ ഉണ്ടന്ന് കണ്ടെത്തിയത്. ഹൃദയത്തിന്റെ വലതു വശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്.
ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ലിസി ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയതെങ്കിലും വേഗത്തില്‍ ഹൃദയം ലഭിക്കുവാന്‍ സാധ്യത തേടി ചെന്നയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ബുധനാഴ്ച രാത്രിയോടെ കെ-സോട്ടോയില്‍ നിന്നും അവയവദാനത്തിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവർ വിമാനമാര്‍ഗ്ഗം ചെന്നയില്‍ നിന്നും രാവിലെ ലിസി ആശുപത്രിയില്‍ എത്തിച്ചേർന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാല്മണിയോടെ ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുണ്‍ ജോര്‍ജ് എന്നിവരുടെ നേത്യത്വത്തിലുടെ മെഡിക്കല്‍ സംഘം തിരുവനന്തപുത്തേക്ക് പുറപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ വാടകക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററില്‍ മെഡിക്കല്‍ സംഘം ഉച്ചക്ക് 1.45ന് തിരുവനത്തപുരത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട് 2.40 ന് ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാടില്‍ എത്തിച്ചേരുകയും പൊലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറിഡോറിലുടെ നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. 5.30ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. 9 മണിയോടെ ശസ്ത്രിക്രിയ പൂര്‍ത്തിയാക്കി.
അടുത്ത 48 മണിക്കുര്‍ ശസ്ത്രക്രിയപോലെ തന്നെ പ്രധാനപ്പെട്ടതാണന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. പി. മുരുകന്‍, ഡോ.ജോബ് വില്‍സണ്‍, ഡോ.ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായിരുന്നു. ലിസി ആശുപത്രിയിലെ 32-ാമത്തെ ഹൃദയം മാറ്റിവയ്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്. ഒന്‍പത് തവണയും വ്യോമ മര്‍ഗ്ഗമാണ് ഹൃദയം എത്തിച്ചത്. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് ഹെലികോപ്റ്റര്‍ സേവനം സര്‍ക്കാര്‍ വിട്ടു നല്‍കിയത്.