എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കണ്ണൂര്‍ സ്വദേശി അശ്വന്ത് ആശുപത്രി വിട്ടു. അപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ജുവിന്‍ രാജുവിന്‍റെ ഹൃദയമാണ് ഇപ്പോള്‍ അശ്വന്തില്‍ മിടിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് കണ്ണൂര്‍, കുറ്റൂര്‍ സ്വദേശിയായ അശ്വന്ത് ചന്ദ്രന്‍ (24) എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ചന്ദ്രശേഖരന്‍-റീന ദമ്പതികളുടെ മകനായ അശ്വന്ത് ഗുരുതരമായ ഹൃദ്രോഗവുമായിട്ടാണ് ജനിച്ചത്. ഹൃദയത്തിന്‍റെ താഴെയുള്ള രണ്ട് അറകളും കൂടിച്ചേര്‍ന്ന് ഒന്നായ അവസ്ഥയിലായിരുന്നു. രണ്ടാം വയസ്സില്‍ തന്നെ സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയക്ക് അശ്വന്ത് വിധേയനായിരുന്നു. തുടര്‍ന്ന് ആരോഗ്യനില സാധാരണ നിലയില്‍ ആയെങ്കിലും ഐ.ടി.ഐ. പഠനകാലത്ത് വീണ്ടും പ്രയാസങ്ങള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മൂന്നുവര്‍ഷം കൂടി ചികിത്സകളുമായി മുന്നോട്ടു പോയെങ്കിലും ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ലിസി ആശുപത്രിയില്‍ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ അടുത്തെത്തി.
ജന്മനാ ഹൃദ്രോഗവുമായി ജനിച്ച അശ്വന്തിന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയെന്നത് വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ കാര്യമായിരുന്നു. കൂടാതെ ഒരു ഹൃദയ ശസ്ത്രക്രിയ നേരത്തെ ചെയ്തതിനാല്‍ കൂടുതല്‍ വെല്ലുവിളിയുമുണ്ടായിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ എസ് ആര്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. സാജന്‍ കോശി എന്നിവര്‍ ചേര്‍ന്ന് അശ്വന്തിനെ പരിശോധിച്ചതിന് ശേഷം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ പരിശോധനകള്‍ക്ക് ശേഷം ഒരു മാസം മുമ്പ് അശ്വന്തിനെ കെ- സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 23-ാം തിയതി വൈകുന്നേരമാണ് രാജഗിരി ആശുപത്രിയില്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ജുവിന്‍ രാജു (16) വിന്‍റെ കുടുംബം അവയവദാനത്തിന് തയ്യാറാണെന്ന സന്ദേശം കെ-സോട്ടോയില്‍ നിന്നും ലിസി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ സംഘം രാജഗിരി ആശുപത്രിയില്‍ എത്തുകയും ഹൃദയവുമായി രാത്രി പതിനൊന്നരയോടെ അവിടെനിന്ന് തിരിക്കുകയും ചെയ്തു. കൊച്ചി സിറ്റി, ആലുവ റൂറല്‍ പോലീസ് സേനകളുടെ സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ഗ്രീന്‍ കോറിഡോറിലൂടെ ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. രാവിലെ അഞ്ചുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.
ശസ്ത്രക്രിയക്ക് മുമ്പ് അശ്വന്തിന്‍റെ രക്തത്തിലെ ഓക്സിജന്‍റെ അളവ് 70 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഇപ്പോള്‍ അത് 100 ശതമാനത്തില്‍ അടുത്തുണ്ടെണ്ടന്നും ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. സാജന്‍ കോശി, ഡോ. അനില്‍ എസ് ആര്‍, ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്ക്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി. മുരുകന്‍, ഡോ.ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ.ജഗന്‍ ജോസ്, ഡോ. ശ്രീശങ്കര്‍, ഡോ. ആബിദ് ഇഖ്ബാല്‍, ഡോ. ആന്‍റണി ജോര്‍ജ്, ഡോ. അരുണ്‍ ജോര്‍ജ്, ഡോ. ജെനു റോസ്, ഡോ. ഹരി ഗോവിന്ദ്, ഡോ.ദീപ്തി സന്തോഷ്, ഡോ. വേണി ജിത്ത്, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ഫാ. പോള്‍ കരേടന്‍റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് അശ്വന്തിനെ യാത്രയാക്കിയത്. തനിക്ക് ഹൃദയം ദാനം ചെയ്യുവാന്‍ തയ്യാറായ ജുവിന്‍റെ കുടുംബത്തിന് അശ്വന്ത് നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ജോയിന്‍റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് മുന്‍കൈ എടുത്താണ് അശ്വന്തിന്‍റെ ചികിത്സാ ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയത്. ലിസി ആശുപത്രിയിലെ 33-ാമത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയായിരുന്നു ഇത്.