amana-lissie-hospital

TOPICS COVERED

പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി എന്ന അമാന മെഹനാസ് ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. ദുബായിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 കാരി ആമിയാണ്  ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം എറണാകുളം ലിസി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതു ജീവനേകിയത്.

മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹൃദയ സംബന്ധമായ തകരാര്‍ കണ്ടെത്തിയത്. ഹൃദയത്തിന്റെ വലതു വശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തോളം മരുന്നുകള്‍ കൊണ്ട് ചികിത്സ മുന്നോട്ട് കൊണ്ടുപോയെങ്കിലും പിന്നീട് ആരോഗ്യം മോശമായതിനാല്‍ ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ലിസി ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്.

കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഹൃദയം വേഗത്തില്‍ ലഭിക്കുവാനുള്ള  സാധ്യത തേടി ചെന്നൈയിലെ ആശുപത്രിയിലേക്ക് പോയിരുന്നു. ഏപ്രില്‍ എട്ടിന് രാത്രിയോടെ കെ-സോട്ടോയില്‍ നിന്നും അവയവദാനത്തിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അമാനയുടെ കുടുംബം ചെന്നൈയില്‍ നിന്നും രാവിലെ ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും ചെയ്തു. ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുണ്‍ ജോര്‍ജ് എന്നിവരുടെ നേത്യത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഹൃദയം എത്തിച്ചത്. 

അമാനയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്നും വൈകാതെ തന്നെ സാധാരണ ജീവിതം നയിക്കുവാനും പഠനം തുടരുവാനും സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി. മുരുകന്‍, ഡോ.ജോബ് വില്‍സണ്‍, ഡോ.ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. അരുണ്‍ ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്,  സൗമ്യ സുനീഷ് തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു.

മാനേജിംഗ് ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ മധുരം പങ്കിട്ടാണ് അമാനയെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. അമാനയുടെ ആഗ്രഹം പോലെ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റ് ആയി തീരുവാന്‍ സാധിക്കട്ടെ എന്ന് ഫാ. പോള്‍ കരേടന്‍ ആശംസിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. അവയവദാനത്തിന് തയ്യാറായ ജയിയുടെ കുടുംബത്തിന് അമാന നന്ദി പറഞ്ഞു. 

അമാനയുടെടേത് ലിസി അശുപത്രിയിലെ 32-മത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. ഒന്‍പത് തവണയും വ്യോമ മാര്‍ഗ്ഗമാണ് ഹൃദയം എത്തിച്ചത്. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം സര്‍ക്കാര്‍ വിട്ടു നല്‍കിയത്.

ENGLISH SUMMARY:

A young girl, Amana Mehnas, has been discharged from Lisi Hospital in Kochi after a successful heart transplant. The 14-year-old student received a new heart from a brain-dead donor, marking a significant achievement in pediatric cardiac surgery in Kerala.