Israel's Prime Minister Benjamin Netanyahu gives a news conference in Jerusalem (Photo by RONEN ZVULUN / POOL / AFP)

  • ഇറാൻ ആണവായുധം വികസിപ്പിച്ചെടുക്കുന്നുവെന്ന് കാണിച്ച് ഇന്ത്യൻ യൂസറുടെ എക്സ് അക്കൗണ്ടിൽ വന്ന വ്യാജ പോസ്റ്റ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു.

യുഎസ്– ഇറാന്‍ സംഘര്‍ഷത്തെ സ്വാധീനിച്ച് ഇന്ത്യക്കാരന്‍റെ വ്യാജ എക്സ് പോസ്റ്റ്. ഇറാന്‍റെ ആണവ മോഹങ്ങളെ പറ്റിയുള്ള വ്യാജ എക്സ് പോസ്റ്റിലെ അവകാശവാദങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അടക്കം ഏറ്റെടുത്തു. ഇസ്രയേലി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ യു.എസ് മാധ്യമമായ ഫോക്സ് ന്യൂസ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഇതിനെല്ലാം പിന്നില്‍ ഇന്ത്യയിലെ എക്സ് അക്കൗണ്ടില്‍ നിന്നുള്ളൊരു വ്യാജ വാര്‍ത്തയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

‘പ്ലീസ് ഡോണ്ട് ഗോ’; നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ കുടുംബത്തോട് അമേരിക്കക്കാരി; വൈറൽ

ഇസ്രായേലും അമേരിക്കയും ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന കാലത്തോളം ഇറാൻ ആണവായുധ ശ്രമങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഐആര്‍ജിസി കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹിദി പറഞ്ഞതായി അവകാശപ്പെടുന്നതാണ് എക്സിലെ പോസ്റ്റ്. എന്നാല്‍ ഓഗസ്റ്റ് അഞ്ചിനു വന്ന ഈ പോസ്റ്റിനു പിന്നാലെ ഇസ്രയേല്‍, യുഎസ് രാഷ്ട്രീയ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായി. 

Also Read: വസ്ത്രമഴിപ്പിച്ചു, സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിച്ചു; വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ ക്രൂരത; ഇനി അഴിയെണ്ണും

ആണവ സമ്പുഷ്ടീകരണം ഊർജ്ജ ആവശ്യങ്ങൾക്കാണെന്നാണ് ഇറാൻ അവകാശപ്പെട്ടിട്ടുള്ളത്. ആണവായുധം ഉണ്ടാക്കുമെന്ന് ഇറാൻ ഒരിക്കലും പറഞ്ഞിട്ടില്ല. എഐ ജനറേറ്റഡ് ചിത്രമാണെന്ന അടയാളങ്ങളോട് കൂടിയുള്ള പോസ്റ്ററാണ് പ്രചരിച്ചത്. എഴുത്തുകള്‍ക്കൊപ്പം വഹിദിയുടെ ചിത്രവും അടങ്ങുന്നതാണ് പോസ്റ്റ്. ഇറാൻ ആണവായുധം വികസിപ്പിച്ചെടുത്തതിനും വഹിദി അത്തരമൊരു പ്രസ്താവന നടത്തിയതിനും തെളിവുകളില്ലെന്നിരിക്കെ പോസ്റ്റ് വൈറലായി. 

ഏകദേശം 1.75 ലക്ഷം ഫോളോവേഴ്‌സുള്ള എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം പറയുന്ന പോസ്റ്റ് ഷെയർ ചെയ്തത്. ഉടൻ തന്നെ 82,000 ഫോളോവേഴ്‌സുള്ള മറ്റൊരു ഇന്ത്യൻ അക്കൗണ്ട് ഇത് റീപോസ്റ്റ് ചെയ്തു. പിന്നീടാണ് 'മോസാദ് കമന്ററി' എന്ന് ഇസ്രായേലി അക്കൗണ്ട് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്. ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയാണെന്നും ആത്മാർത്ഥമായി ചർച്ചകളിൽ ഏർപ്പെടുന്നില്ലെന്നും ഈ പോസ്റ്റ് വിമര്‍ശിച്ചു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയുമായി ഈ അക്കൗണ്ടിന് ഔദ്യോഗിക ബന്ധമൊന്നുമില്ല.

വൈറലായി അഞ്ചുവയസുകാരന്‍റെ ‘ജന ഗണ മന’; 30 മില്യണ്‍ വ്യൂസ്! വിഡിയോ പങ്കിട്ട് ആനന്ദ് മഹീന്ദ്ര

അരമണിക്കൂറിനു ശേഷം ഇസ്രയേലി ടെലിവിഷനായ ചാനല്‍ 14 ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നു എന്ന് ആദ്യമായി സമ്മതിക്കുന്നു എന്ന വിശേഷണത്തോടെയായിരുന്നു വാര്‍ത്ത. നെതന്യാഹുവിന്‍റെ മകന്‍ യിര്‍ നെതന്യാഹുവും ഈ വാര്‍ത്ത പങ്കിട്ടു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ജെറുസലേമിലെ മൗണ്ട് ഹെർട്‌സലിൽ വച്ച് നടത്തിയ പ്രസംഗത്തിലാണ്  നെതന്യാഹുവും വ്യാജ വാര്‍ത്ത സൂചിപ്പിച്ചത്. 

യു.എസിന്‍റെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായ മൈക്ക് വാൾട്ട്സും റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്കോട്ടും വ്യാജ വാര്‍ത്ത പങ്കുവച്ചവരിള്‍ ഉള്‍പ്പെടും. യുഎസ് മാധ്യമമായ ഫോക്സ് ന്യൂസും ഇക്കാര്യം സംപ്രേക്ഷണം ചെയ്തു. വാര്‍ത്തയ്ക്കൊപ്പം ചര്‍ച്ചയും ചാനല്‍ നടത്തി. അതേസമയം, എക്സ് പോസ്റ്റിലെ വാദങ്ങള്‍ തെറ്റാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞിരുന്നു. 

ENGLISH SUMMARY:

A fake social media post originating from an Indian account on X regarding Iran's nuclear ambitions unexpectedly sparked a major international controversy. Israeli Prime Minister Benjamin Netanyahu and several US lawmakers amplified the false claims, which were subsequently covered by major foreign media outlets including Fox News. An investigative report by The New York Times later revealed that the viral post lacked any factual basis or official statements from Iranian leadership. Despite denials from the Iranian Foreign Ministry, the misinformation rapidly cascaded through high-profile political and broadcast channels.