american-neighbor-viral

അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ കുടുംബത്തിന് വിട നല്‍കുമ്പോള്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന അയൽക്കാരിയായ അമേരിക്കന്‍ വനിതയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമേരിക്ക വി‍ട്ട് ഇന്ത്യയിലെത്തിയ വിജയ് കൊക്കരഗഡ്ഡയുടെ കുടുംബത്തിന് യാത്രാമൊഴിയേകുന്ന വയോധികയുടെ ദൃശ്യങ്ങളാണ് നെറ്റിസണ്‍സ് ഹൃദയത്തില്‍ ഏറ്റെടുത്തത്. അതിർത്തികൾക്കും സംസ്കാരങ്ങൾക്കും അപ്പുറം, മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുകയാണ് ഹൃദ്യമായ കാഴ്ച.

വിജയ് കൊക്കരഗഡ്ഡ തന്നെയാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കിട്ടത്. വിദ്വേഷത്തിന്‍റെയും വംശീയതയുടെയും ലോകത്ത് സ്നേഹം വിജയിക്കുന്ന കാഴ്ചയെന്ന് വിജയ് വിഡിയോ പങ്കുവച്ച് കുറിച്ചു. എയർപോർട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്ന വിജയ്‌യോടും ഭാര്യയോടും യാത്ര പറയാനായി എത്തിയ വയോധിക ദമ്പതികളെ ചേർത്തുപിടിച്ച് പൊട്ടിക്കരയുകയായിരുന്നു. പോകരുതെന്ന് (Please don't go) അവർ ആവർത്തിച്ച് പറയുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ദമ്പതികൾ അവരെ ആശ്വസിപ്പിക്കുകയും വീണ്ടും കാണാമെന്നും ഇന്ത്യയിൽ എത്തിയിട്ട് വിളിക്കാമെന്നും ചിത്രങ്ങൾ അയച്ചുതരാമെന്നും ഉറപ്പുനൽകുകയായിരുന്നു. ഈ വിഡിയോ പ്ലാൻ ചെയ്ത ഒന്നല്ലെന്നും ഒരു സുഹൃത്താണ് എടുത്ത് തങ്ങൾക്ക് അയച്ചുതന്നതെന്നും വിജയ് പറഞ്ഞു.

ഒരുപക്ഷേ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വികാരാധീനമായ നിമിഷങ്ങളിൽ ഒന്നായിരിക്കാം ഇതെന്നും ഒരു മനുഷ്യനെ സ്നേഹിക്കാന്‍ ഭാഷ– സംസ്കാരം– നാം എവിടെ നിന്ന് വരുന്നു– എന്നിങ്ങനെ യാതൊരുവിധ അതിരുകളുമില്ലെന്ന് ആ നിമിഷം തന്നെ ഓർമ്മിപ്പിച്ചെന്നും വിജയ് കുറിച്ചു. ‘അമേരിക്ക വിട്ട് ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുന്ന ദിവസമായിരുന്നു അത്. വീടിന് തൊട്ടടുത്തായി താമസിച്ചിരുന്ന കുടുംബം ഞങ്ങൾക്ക് വലിയ സഹായമായിരുന്നു, ഞങ്ങളുമായി അവര്‍ ഏറെ അടുക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങൾ പോവുകയാണെന്ന അറിഞ്ഞപ്പോള്‍ അവർ പൊട്ടിക്കരഞ്ഞു. അമേരിക്കക്കാർ 'ഹായ്', 'ബൈ' എന്നിവയിൽ മാത്രം ഒതുങ്ങുന്നവരാണ് എന്നാണ് ഞാൻ കരുതിയിരുന്നത്, എന്നാൽ ഒരാളെ ഇത്രയധികം സ്നേഹിക്കാനും കരുതൽ നൽകാനും അവർക്ക് കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ മനോഹരമായ ഓർമ്മ നെഞ്ചിലേറ്റിക്കൊണ്ട്, ഞങ്ങൾ അമേരിക്കയോട് വിടപറഞ്ഞു’ – വിജയ് കുറിച്ചു.

മറ്റൊരു കുറിപ്പില്‍ അമേരിക്കയിലേക്ക് പോകുമ്പോൾ അവരുടെ സംസ്കാരത്തെ കൂടി ബഹുമാനിക്കണമെന്നും വിജയ് പറഞ്ഞു. ‘അമേരിക്കക്കാർ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, വലിയ ശബ്ദങ്ങൾ അവർക്ക് ഇഷ്ടമല്ല. ചെറിയ കുട്ടികൾക്ക് നമ്മൾ കൈകൊണ്ട് ഭക്ഷണം ഊട്ടുന്നത് അവർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. ഇവയെല്ലാം ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും, അവര്‍ക്ക് അങ്ങിനെയല്ല. അതോടൊപ്പം, നമ്മൾ അവരുടെ രാജ്യത്ത് പോയി ജീവിക്കുന്നതുകൊണ്ട് അവരുടെ സംസ്കാരത്തെയും താൽപ്പര്യങ്ങളെയും നാം ബഹുമാനിക്കേണ്ടതുണ്ട്. ഇതാണ് ഞങ്ങളുടെ സംസ്കാരം, ഇങ്ങനെയാണ് ഞങ്ങൾ ജീവിക്കുന്നത്, ഞങ്ങൾ കാര്യങ്ങൾ ചെയ്യുന്നത് ഇങ്ങനെയാണ് എന്ന് പറഞ്ഞ് നമുക്ക് അവിടെ ജീവിക്കാൻ കഴിയില്ല. അത് അഭിപ്രായവ്യത്യാസങ്ങൾക്കും തെറ്റിധാരണകൾക്കും കാരണമാകും’– വിജയ് പറയുന്നു.

‘സോഷ്യൽ മീഡിയയിൽ ധാരാളം വിദ്വേഷവും വംശീയവുമായ കാര്യങ്ങള്‍ കാണാറുണ്ട്. ഇൻസ്റ്റാഗ്രാമിന്‍റെ അൽഗോരിതം പോലും അങ്ങിനെയാണ്. കൂടുതൽ എൻഗേജ്മെന്‍റ്  ലഭിക്കുന്നതിനാൽ വിവാദപരമായ ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കും. അതുകൊണ്ടാണ് അത്തരം വിഡിയോകൾ കൂടുതൽ മുന്നിലെത്തുന്നത്. എന്നാൽ ഇതിന്‍റെ നല്ല വശം കാണിക്കുന്നവർ വളരെ കുറവാണ്. ഞങ്ങൾ ആ നല്ല വശമാണ് അനുഭവിച്ചത്, അതാണ് ഞാൻ എല്ലാവർക്കും പങ്കുവെച്ചതും. നാം അമേരിക്കക്കാരുമായി ഇടപഴകുകയും, നമ്മുടെ വീടുകളിലേക്ക് അവരെ ക്ഷണിക്കുകയും, ആതിഥ്യമര്യാദ കാണിക്കുകയും, നമ്മുടെ സംസ്കാരം പരിചയപ്പെടുത്തുകയും ചെയ്യുമ്പോൾ, അത് നമ്മളെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കും. നമ്മുടെ സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുമ്പോൾ, ആളുകൾ ഓൺലൈനിലോ സോഷ്യൽ മീഡിയയിലോ കാണുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കാൻ തുടങ്ങും’– വിജയ്  കുറിച്ചു.

ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഏറ്റെടുത്തത്. അതിരുകളില്ലാത്ത സൗഹൃദത്തിന്റെ മനോഹരമായ ഉദാഹരണമായാണ് പലരും വിഡിയോയെ വിശേഷിപ്പിച്ചത്. അതേസമയം, പ്രവാസ ജീവിതത്തിനിടയിൽ കുടുംബങ്ങളെപ്പോലെ ഒപ്പം നിന്ന നല്ല മനുഷ്യരെ ഓർത്തെടുത്ത് നിരവധി പേർ അനുഭവങ്ങള്‍ പങ്കുവച്ചും രംഗത്തെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

An emotional video of an elderly American woman weeping uncontrollably while bidding farewell to an Indian family returning to their homeland has captured hearts online. Vijay Kokaragadda shared the heartwarming footage on Instagram, illustrating how human bonds transcend geographical borders and cultural differences. The touching moment unfolded as the elderly neighbor embraced the family and repeatedly pleaded with them not to leave. This genuine display of affection highlights the deep connections forged between neighbors despite cultural backgrounds.