kutti-sakhavu-instagram-banned

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ്  അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്‍റെ ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തുന്ന വിഡിയോ സിയാന്‍ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കമന്‍റുമായി എത്തുകയുണ്ടായി. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും ലഭിച്ചു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് തന്നെ അപ്രത്യക്ഷമായത്.

‘സഖാക്കളേ എന്താ പാട്, സുഖമല്ലേ..’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനാന്‍ വിഡിയോ തുടങ്ങിയത്. പിന്നീട് തങ്ങളുടെ ബാലസംഘം യൂണിറ്റിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും വിഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വിഡിയോ വൈറലായതോടെ ‘ലാല്‍ സലാം’ എന്ന കമന്‍റുമായി പിണറായി വിജയനും എത്തി. ഈ അക്കൗണ്ടാണ് അപ്രത്യക്ഷമായത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും രോഷം കനക്കുകയാണ്. ‘കൊച്ചു കുട്ടിയുടെ രാഷ്ട്രീയത്തെ പോലും ഭയക്കുന്നതാരാണ്?, തോൽപ്പിക്കാൻ ആവില്ല കുട്ടി സഖാവിനെ, ചില ആളുകളെ വിഡിയോ നന്നായി ഭയപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായി!’ എന്നിങ്ങനെ നീളുന്നു സോഷ്യല്‍ ലോകത്തെ കമന്‍റുകള്‍.

അടുത്തിടെ മാധ്യമങ്ങളുടേതുള്‍പ്പെടെ നിരവധി പോസ്റ്റുകളും അക്കൗണ്ടുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ ഫെയ്സ്ബുക് പോസ്റ്റുകളും നീക്കം ചെയ്തതിരുന്നു. തങ്ങളുടെ എഐ സോഫ്റ്റ്വെയറില്‍ വരുത്തിയ അപ്ഡേറ്റും തുടര്‍ന്നുള്ള സാങ്കേതികപ്പിഴവുമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ‌ ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നീക്കിയ കണ്ടന്റുകള്‍ പുനഃസ്ഥാപിച്ചെന്നും പിന്നീട് മെറ്റ അറിയിക്കുകയുണ്ടായി.

അതേസമയം, മാധ്യമങ്ങളുടെ പോസ്റ്റുകൾ മെറ്റ നീക്കിയത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സമ്മർദം കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു. മെറ്റ സ്വാഭാവികമായി നീക്കിയതാവില്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടോ എന്നത് അന്വേഷിക്കണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതാദ്യമായല്ല സിയാന്‍ വൈറലാകുന്നത്. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്തും വൈറല്‍ താരമായികുന്നു സിയാന്‍. അന്ന് തന്‍റെ സ്ഥാനാർഥി തോറ്റതോടെ സിയാന്‍ തല മൊട്ടയിടിച്ചിരുന്നു. താൻ സഖാവാണെന്നും വാക്ക് പാലിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു എട്ടുവയസുകാരന്‍ സിയാന്‍ തല മൊട്ടയടിച്ചത്.

ENGLISH SUMMARY:

Meta has banned and removed the popular Instagram account 'Kutty Sakhavu' belonging to viral child star Muhammad Siyan. The deletion occurred shortly after Siyan posted a video introducing his peers, which quickly garnered over two million views in 24 hours and drew comments from prominent leaders including Pinarayi Vijayan. This incident follows recent widespread platform glitches and content removals by Meta, which the company attributed to automated AI software updates. Meanwhile, political reactions have intensified, with CPM State Secretary M.V. Govindan demanding an investigation into whether official government pressure or interference contributed to the account suspension.