21 വർഷത്തിനുശേഷം മധ്യപ്രദേശിൽ സർക്കാർ ബസ് സർവീസുകൾ പുനരാരംഭിച്ചു. മുഖ്യമന്ത്രി മോഹൻ യാദവും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ഇന്നലെ 351 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ, ഉദ്ഘാടനത്തിന് പിന്നാലെ ബസുകളുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒട്ടേറെ വിഡിയോകളാണ് പുറത്തുവരുന്നത്.
കോടികൾ ചെലവിട്ട് പുറത്തിറക്കിയ ബസുകളുടെ ഗുണനിലവാരം വളരെ മോശമാണെന്നാണ് വിഡിയോകളിൽ ചൂണ്ടിക്കാണിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്വിഫ്റ്റ് ബസുകൾ ആകെ പൊളിഞ്ഞ അവസ്ഥയിലാണെന്നും പഴയ ബസുകളിൽ ഓറഞ്ച് നിറത്തിലുള്ള റേഡിയം സ്റ്റിക്കറുകൾ മാത്രമാണ് ഒട്ടിച്ചിരിക്കുന്നതെന്നുമാണ് ആക്ഷേപം. വിഡിയോയിലെ അവതാരകൻ ബസിന്റെ ബോഡിയിൽ തൊടുമ്പോൾ ഇവ ഇളകിവരുന്നതായും ഗ്ലാസുകളിൽ വിള്ളലുകൾ ഉള്ളതായും കാണാം.
പൊതുഫണ്ട് ഉപയോഗിച്ച് പഴയ ബസുകളുടെ പുറംമാത്രം മിനുക്കി നിരത്തിലിറക്കിയതിൽ സർക്കാർ ജനങ്ങളോട് ഉത്തരം പറയണമെന്നാണ് വിഡിയോയിൽ പറയുന്നത്. റേഡിയം വർക്കിനായി എത്ര തുക ചെലവഴിച്ചു, ആരുടെ മേൽനോട്ടത്തിലാണ് ഇത്രയും മോശം നിലവാരത്തിലുള്ള ജോലി നടന്നത് തുടങ്ങിയ ചോദ്യങ്ങളും വിഡിയോയിൽ ഉന്നയിക്കുന്നുണ്ട്. പഴയ ബസുകളിലെ നിലവാരമില്ലാത്ത റേഡിയം വർക്കാണോ മധ്യപ്രദേശിലെ വികസനമെന്നും വിഡിയോയിൽ ചോദിക്കുന്നു.
ബിജെപിയുടെ രക്ഷാധികാരി ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഭോപ്പാലിലെ ഭെൽ ദസറ ഗ്രൗണ്ടിൽനിന്ന് ഏഴ് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന 351 ബസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ചടങ്ങിൽ ‘മുഖ്യമന്ത്രി സുഗം പരിവാഹൻ സേവ’യുടെ അനാച്ഛാദനവും നടന്നു. മധ്യപ്രദേശിന്റെ മൊബിലിറ്റി വിഷൻ 2030 പ്രകാരമാണ് ഈ സർവീസ് ആരംഭിച്ചത്.