Image: x.com/SonOfBharat_88

Image: x.com/SonOfBharat_88

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ വൃദ്ധസദനത്തിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത ആശങ്കയില്‍ ആരാധകരും. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ആരോഗ്യപ്രശ്നങ്ങളോട് പോരാടുന്ന കാംബ്ലി വിഡിയോയില്‍ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്നതായി കാണാം. താനെയിലെ 'നിദാൻ സെന്റർ ഫോർ എൽഡർലി കെയർ' എന്ന വയോജന പരിപാലന കേന്ദ്രത്തിലാണ് നിലവില്‍ കാംബ്ലി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും കാംബ്ലി കഷ്ടപ്പെടുന്നതായി കാണാം. വാക്കുകൾ വ്യക്തമാകാതെ ഇടറുന്നതും കൈകൾ വിറയ്ക്കുന്നതും ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. വയോജന പരിപാലന കേന്ദ്രം സന്ദർശിക്കാനെത്തിയ ആളുകളാണ് കാംബ്ലിയുമായി സംസാരിക്കുന്ന വിഡിയോ പകർത്തിയത്. അതേസമയം, താൻ ഇപ്പോൾ ചികിത്സയിലാണെന്നും ഇവിടുത്തെ സൗകര്യങ്ങൾ മികച്ചതാണെന്നും കാംബ്ലി വിഡിയോയില്‍ പറയുന്നുണ്ട്. ‘ഇവിടെ താമസിക്കുമ്പോൾ, വീട്ടിൽ നിന്ന് അകലെയാണെന്ന് തോന്നുന്നില്ല. ഇവിടുത്തെ ആളുകള്‍ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്’– കാംബ്ലി വിഡിയോയിൽ പറഞ്ഞു.

സച്ചിൻ തെണ്ടുൽക്കറുടെ ബാല്യകാല സുഹൃത്തും ക്രിക്കറ്റിലെ വിസ്മയവുമായിരുന്നു വിനോദ് കാംബ്ലി. എന്നാൽ, രാജ്യാന്തര കരിയറിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളുമാണ് കാംബ്ലിയെ അലട്ടിയത്. 2013-ൽ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ്, തെരുവിൽ നടക്കാൻ കഴിയാതെ വീഴാൻ പോയ കാംബ്ലിയെ വഴിയാത്രക്കാർ പിടിച്ചെഴുന്നേൽപ്പിക്കുന്ന വിഡിയോയും വലിയ ചർച്ചയായിരുന്നു. അതേസമയം, ബിസിസിഐയും താരങ്ങളും കാംബ്ലിക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായവും സാമ്പത്തിക പിന്തുണയും നൽകണമെന്നാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഉയരുന്ന പ്രധാന ആവശ്യം.

ഒന്‍പത് വര്‍ഷം മാത്രമാണ് പ്രതിഭാസമ്പന്നനായ കാംബ്ലിയുടെ കരിയറിന്‍റെ ദൈര്‍ഘ്യം. ഇക്കാലയളവില്‍ 104 ഏകദിനങ്ങളും 17 ടെസ്റ്റുകളും കാംബ്ലി ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. യഥാക്രമം 2,477 ഉം 1,084 ഉം റൺസ് നേടി. രണ്ട് ഡബിള്‍ സെഞ്ചറികളടക്കം നാല് ടെസ്റ്റ് സെഞ്ചറികളും കാംബ്ലി സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ചറി നേടിയ ആദ്യ ഇന്ത്യന്‍ താരവും കാംബ്ലിയാണ്. കരിയറിന്‍റെ പാരമ്യത്തില്‍ നില്‍ക്കെ മദ്യത്തിനടിമയായതോടെ കാംബ്ലി മെല്ലെ നിറം മങ്ങുകയും ടീമിന് പുറത്താവുകയുമായിരുന്നു.

ENGLISH SUMMARY:

A distressing video showing former Indian cricketer Vinod Kambli at an old age home in Thane has surfaced online, triggering deep concern among fans and the cricket community. Suffering from severe health issues, the 52-year-old struggles to speak clearly, and his hands are seen visibly trembling in the viral clip. Kambli is currently residing at the Nidan Center for Elderly Care, where he stated that he is receiving proper medical treatment and feels well cared for by the staff. Following the release of the heartbreaking video, fans and former teammates are urging the BCCI and fellow cricketers to provide immediate financial and medical assistance to the former star batsman.