Image: lockheedmartin.com,AI Enhanced

  • ഇതാദ്യമായാണ് ഇറാന്‍റെ ഉന്നത നേതൃത്വം ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ പേരെടുത്ത് പറയുന്നത്.

യുഎസിന്‍റെ ഭാഗത്തു നിന്നും ഇനി ആക്രമണമുണ്ടായാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് യഹ്യ റഹിം സഫവി. നിലവില്‍ സംഘര്‍ഷം ചെങ്കടല്‍ വരെ എത്തിയ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്. 

സംഘര്‍ഷം പേർഷ്യൻ ഗൾഫും ഹോർമുസ് കടലിടുക്കും കടന്ന് ചെങ്കടൽ വരെ എത്തിയെന്നും ഇനിയും ആക്രമണം ഉണ്ടായാല്‍ ഇന്ത്യന്‍ മഹാസമുദ്രവും അതിനപ്പുറത്തേക്കും യുദ്ധം വ്യാപിക്കുമെന്നുമാണ് യഹ്യ റഹിം സഫവി പറഞ്ഞത്. ഇറാന്‍റെ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് യഹ്യയുടെ വിഡിയോ പുറത്തുവിട്ടത്. യുദ്ധം നീണ്ടാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇറാന്‍റെ ഉന്നത നേതൃത്വം ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ പേരെടുത്ത് പറയുന്നത്. 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യയിലാണ് യുഎസ്– ബ്രിട്ടീഷ് സൈനിക താവളം സ്ഥിതി ചെയ്യുന്നത്. നേരത്തെയും ഇവിടം ലക്ഷ്യമാക്കി ഇറാന്‍റെ മിസൈലെത്തിയിരുന്നു. ഇറാനില്‍ നിന്നും ഏകദേശം 4000 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. നേരത്തെ ഇന്ത്യയില്‍ നടന്ന നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇറാന്‍ കപ്പല്‍ ഐആര്‍ഐഎസ് ദേനയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് യുഎസ് ആണവ അന്തര്‍വാഹിനി കപ്പല്‍ മുക്കിയതും ഇതിനു സമീപത്തായിരുന്നു. ഈ ആക്രമണത്തിനു തിരിച്ചടിയായാണ് ഡിഗോ ഗാര്‍ഷ്യയിലേക്ക് ഇറാന്‍ മിസൈല്‍ തൊടുത്തത്. കന്യാകുമാരിയിൽ നിന്ന് ഏകദേശം 1,800 കിലോമീറ്റർ മാത്രം അകലെയാണ് യുഎസ് താവളമായ ഡീഗോ ഗാർസ്യ.

അതേസമയം, ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ ഈയിടെ ചെങ്കടലിലെ ദ്വീപ് പിടിച്ചെടുത്തിരുന്നു. ഇതോടെ സൂയസ് കനാല്‍ വഴി ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍- മന്ദബ് കടലിടുക്കിന്‍റെ നിയന്ത്രണം ഹൂതികളുടെ കയ്യിലായി. ഹൂതികള്‍ക്ക് സൈനിക പിന്തുണ നല്‍കുന്നത് ഇറാനാണെങ്കിലും നിലവില്‍ സൗദിയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ ഇടപെടലില്ലെന്നാണ് ഇറാന്‍റെ വാദം. യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനു പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. നിലവില്‍ ഹോര്‍മുസിന്‍റെ നിയന്ത്രണത്തിനായാണ് ഇറാനും യുഎസും തമ്മിലുള്ള പോരാട്ടം. 

ENGLISH SUMMARY:

Iranian leadership has issued a stern warning stating that any future US attacks will prompt Iran to expand its military operations into the Indian Ocean. Yahya Rahim Safavi, an adviser to Supreme Leader Mojtaba Khamenei, emphasized that the ongoing conflict could stretch far beyond the Red Sea and Persian Gulf. This marks the first time Tehran has explicitly named the Indian Ocean, raising strategic concerns near the US-UK military base in Diego Garcia.