Image: lockheedmartin.com,AI Enhanced

അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരെ വലിയ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വലിയ തോതിലുള്ള ആക്രമണങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായി ഇറാൻ വ്യക്തമാക്കി. ഇറാൻ യുദ്ധത്തില്‍ നിര്‍ണായക തീരുമാനമെടുക്കുന്ന ഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതായി ഇറാന്‍  അവകാശപ്പെട്ടു. ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയാൽ പ്രദേശത്തെ യു.എസ് താവളങ്ങളും താൽപ്പര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാനും പ്രതികരിച്ചു. 

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ ഉപാധികൾ മധ്യസ്ഥർ വഴി യു.എസിനെ അറിയിച്ചതായി ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ പരാമർശം. അതേസമയം, ജൂണിൽ ഒപ്പുവെച്ച സമാധാനക്കരാർ പ്രകാരം അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് അറിയിച്ചു. ഇറാനെ തുടച്ചുനീക്കുക, സാമ്പത്തികമായി തകർത്തുകളയുക അല്ലെങ്കിൽ ഒരു കരാറിലെത്തുക എന്നിവ മാത്രമാണ് മേശപ്പുറത്തുള്ള ഏക പോംവഴികളെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന. പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. യു.എസിലേക്ക് എത്തുന്ന പെസെഷ്കിയനുമായി ഒരുപക്ഷേ കൂടിക്കാഴ്ച നടത്തിയേക്കാം എന്നും ട്രംപ് പറഞ്ഞു. അതേസമയം, യു.എൻ സമ്മേളന വേദിയില്‍ വച്ച് വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്താന്‍ പെസെഷ്കിയൻ പദ്ധതിയിടുന്നുണ്ട്.

അതേസമയം ഇറാന്‍റെ കരഅതിര്‍ത്തി മുഴുവന്‍ പടുകൂറ്റൻ സൈനിക വിന്യാസത്തിലാണെന്ന് ഇറാനിയൻ ആർമി ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി വ്യക്തമാക്കി. ഇറാന്‍റെ എല്ലാ അതിർത്തികളിലും മക്റാൻ തീരത്തും ഒമാൻ കടലിലും ഇറാനിയൻ കരസേനയുടെ യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍ രാജ്യത്തിനു നേരെ  ശത്രുക്കൾക്ക് കരയാക്രമണത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

Amid rising geopolitical tensions, reports indicate that the United States and its allies are preparing for a major military strike against Iran. Iranian officials stated they received intelligence regarding the imminent action, while US President Donald Trump confirmed that the conflict is entering a critical decision-making phase with significant developments on the horizon. The escalation follows Iran's conditions sent via mediators regarding the reopening of the Strait of Hormuz, which Iranian Parliament Speaker Mohammad Bagher Ghalibaf insisted will remain closed until Washington fulfills its peace deal commitments. Meanwhile, Iranian President Masoud Pezeshkian is travelling to New York for the UN General Assembly, where Trump signaled a potential meeting, even as Iran's Army Ground Forces Commander confirmed total troop deployment along all land and maritime borders.