പശ്ചിമേഷ്യന്‍ യുദ്ധത്തിന്‍റെ ആഘാതത്തില്‍ ഊര്‍ജ പ്രതിസന്ധിക്കിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പാക്കിസ്ഥാന്‍. സ്മാര്‍ട് ലോക്ഡൗണിലേക്ക് കടന്ന പാക്കിസ്ഥാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഔദ്യോഗിക സർക്കാർ വാഹനങ്ങളുടെ ഇന്ധന അലവൻസ് 50 ശതമാനം വെട്ടിക്കുറയ്ക്കാനും സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. നിയന്ത്രണ കാലയളവില്‍ വിവാഹ ചടങ്ങുകളില്‍ ഒരു വിഭവം മാത്രമാണ് വിളമ്പാനാവുക. ഊര്‍ജ പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ചിലും പാക്കിസ്ഥാന്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സൈനിക വാഹനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധന അലവന്‍സ് നിയന്ത്രണം ബാധകമാണ്. ഔദ്യോഗിക വിദേശ യാത്രകള്‍ മൂന്നു മാസത്തേക്ക് നിരോധിച്ചു. അത്യാവശ്യമെങ്കില്‍ മന്ത്രിമാര്‍, ഉപദേശകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യണം. ഉദ്യോഗസ്ഥര്‍ യോഗങ്ങള്‍ ഓണ്‍ലൈനില്‍ നടത്തി ചെലവ് കുറയ്ക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. സെമിനാര്‍, പരീശലന പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഒഴിവാക്കും.
മാളുകളും മാര്‍ക്കറ്റുകളും അടക്കമുള്ള വാണിജ്യ കേന്ദ്രങ്ങള്‍ രാത്രി ഒന്‍പതിന് അടയ്ക്കും. വിവാഹ വേദികളും പരിപാടികള്‍ നടക്കുന്ന ഹാളുകളും 10 മണിക്ക് അടയ്ക്കും. റസ്റ്റോറന്‍റ്, കഫേ എന്നിവ 11 മണി വരെ പ്രവര്‍ത്തിക്കാം. വിവാഹ ചടങ്ങുകളില്‍ ഒരു വിഭവം മാത്രമെ വിളമ്പാന് പാടുള്ളൂ. ഇതിനുപുറമെ, പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പാകിസ്ഥാൻ സർക്കാർ പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണവിലയിലെ വർധനവ് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പണപ്പെരുപ്പത്തിലേക്ക് തള്ളിവിട്ടതായും സർക്കാരും ഉന്നതരും ആദ്യം ത്യാഗങ്ങൾ ചെയ്യണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.
ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ ലബോറട്ടറികൾ, ഇന്ധന-സി.എൻ.ജി സ്റ്റേഷനുകൾ, ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്ന സ്റ്റേഷനുകൾ, ജിമ്മുകൾ, സ്പോർട്സ് ഫെസിലിറ്റികൾ, ഐ.ടി കമ്പനികൾ, കോൾ സെന്ററുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ സമയ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹോർമുസ്, ബാബ് എൽ-മൻദബ് കടലിടുക്കുകൾ കേന്ദ്രീകരിച്ചുള്ള സംഘർഷങ്ങൾ ശക്തമായതിനെ തുടർന്ന് എണ്ണ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോള്‍ വില ലീറ്ററിന് 4.10 രൂപയും ഹൈ സ്പീഡ് പെട്രോളിന് 6.41 രൂപയും കൂടി. ലീറ്ററിന് 384.34 രൂപയിലെത്തി പാക്കിസ്ഥാനിലെ പെട്രോള്‍ വില. ഹൈ സ്പീഡ് പെട്രോളിന് ലീറ്ററിന് 415.83 രൂപയും നല്‍കണം.