നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറോളം പേര്‍  കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ ആക്രമണമാണ് ഉണ്ടായത്. വീടുകള്‍ക്കും കടകള്‍ക്കും തീയിട്ട സംഘം എതിര്‍ക്കാന്‍ ശ്രമിച്ചവരെയെല്ലാം വെടിവച്ചുവീഴ്ത്തി. ഒട്ടേറെ ഗ്രാമീണര്‍ സമീപത്തെ വനമേഖലയിലേക്ക് ഓടിപ്പോയി. അതില്‍ മിക്കവരും തിരിച്ചെത്തിയിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് കൈയാമയിലെ നിയമസഭാഗം സൈദു ബാബ അഹമ്മദ് പറഞ്ഞു.

ഭീകരസംഘടനയായ ബോക്കോ ഹറാമുമായി ബന്ധമുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. വിവരമറിഞ്ഞ് സുരക്ഷാസേന രംഗത്തുവന്നതോടെ ഇവര്‍ പിന്തിരിഞ്ഞു. എന്നാല്‍ അക്രമികള്‍ അധികം ദൂരെ പോയിട്ടില്ലെന്നും സേന തിരിച്ചുപോയാല്‍ മടങ്ങിവരാന്‍ സാധ്യതയുണ്ടെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൈജറുമായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ക്വാര. ഇവിടെയും ബെനിന്‍ അതിര്‍ത്തിയും കേന്ദ്രീകരിച്ച് ഒട്ടേറെ ഭീകരസംഘടനകളും പ്രാദേശിക ഗാങ്ങുകളും പ്രവര്‍ത്തിക്കുന്നുണ്ട്. Read More: സ്കൂള്‍ ആക്രമിച്ച് 25 പെണ്‍കുട്ടികളെ കടത്തി

നൈജീരിയയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ സായുധ ആക്രമണമാണ് വോറോയിലേത്. സായുധസംഘങ്ങളുടെ കൊള്ളയും കൊള്ളിവയ്പ്പും നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും നൈജീരിയന്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനമുണ്ട്. കൊള്ളസംഘങ്ങള്‍ ഗ്രാമങ്ങള്‍ ആക്രമിക്കുകയും സാധനങ്ങളും കന്നുകാലികളെയും കൊള്ളയടിക്കുകയും എതിര്‍ക്കുന്നവരെയെല്ലാം കൊലപ്പെടുത്തുകയും ചെയ്യുന്നത് സാധാരണയായിക്കഴിഞ്ഞു. വടക്കുപ‍ടിഞ്ഞാറന്‍ മേഖലയിലും നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലുമാണ് പ്രശ്നം കൂടുതല്‍. Read More: ഗര്‍ഭിണികള്‍ മരിക്കുന്ന നൈജീരിയ

ENGLISH SUMMARY:

A violent attack by an armed group in the remote village of Worro, Kwara State, has left over 35 people dead and many others missing.The assailants set fire to homes and shops, firing indiscriminately at residents before many fled into nearby forests to escape the carnage.Local authorities suspect the group is linked to Boko Haram, noting that the region’s proximity to international borders makes it a hotspot for terrorist activity.This massacre highlights the increasing inability of the Nigerian government to curb the rising tide of banditry and violence across North-Central Nigeria.