ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമാണ് നൈജീരിയ. 230 ദശലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സാധാരണ ചര്‍ച്ചയാകുന്നത്. പക്ഷ, മറ്റൊരുവിവരം ലോകത്തെ ഞെട്ടിക്കുകയാണ്. ഓരോ ഏഴുമിനിറ്റിലും നൈജീരിയയില്‍ ഓരോ ഗര്‍ഭിണികള്‍ മരിക്കുന്നു. ലോകത്തെ മാതൃമരണങ്ങളില്‍ 20 ശതമാനവും നൈജീരിയയിലാണ് സംഭവിക്കുന്നത്.
‘ദ ജയന്റ് ഓഫ് ആഫ്രിക്ക’ വലുപ്പത്തിന്റെ പേരില്‍ നൈജീരിയ അങ്ങനേയും അറിയപ്പെടാറുണ്ട്. പക്ഷേ ആ വലുപ്പം ദുരന്തത്തിന്റെ പേരില്‍ക്കൂടിയാകുന്നുവെന്നതാണ് ഞെട്ടിക്കുന്നത്. 2023ല്‍ ലോകമെമ്പാടുമുള്ള എല്ലാ മാതൃമരണങ്ങളുടെയും കാല്‍ഭാഗത്തിലധികം അതായത് 29 ശതമാനം നൈജീരിയയിലായിരുന്നുവെന്നത് നടുക്കുന്ന കണക്കാണ്. ഒരു വര്‍ഷം പ്രസവകാലഘട്ടത്തില്‍മാത്രം 75,000 സ്ത്രീകള്‍ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
അതായത് ഓരോ ഏഴ്മിനിറ്റിലും ഒരു ഗര്‍ഭിണി മരിക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് തെക്കുകിഴക്കന്‍ പട്ടണമായ ഒനിറ്റ്ഷയിലെ ഒരു ആശുപത്രിയില്‍ രക്തംവാര്‍ന്ന് മരിക്കുമ്പോള്‍ ചിനെന്യെ ന്യൂസെ എന്ന ഗര്‍ഭിണിക്ക് 36 വയസായിരുന്നു. രക്തം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ അത് ലഭ്യമാക്കാന്‍ സാധിച്ചില്ലെന്ന് അവരുടെ സഹോദരി സങ്കടത്തോടെ ഓര്‍ത്തെടുത്തു. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് മാതൃമരണനിരക്ക് വര്‍ധിക്കാനുള്ള കാരണം.
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ കാട്ടുന്ന ഗുരുതര അനാസ്ഥയാണ് നൈജീരിയയിലെ മാതൃമരണങ്ങള്‍ക്ക് കാരണം. ഗര്‍ഭകാലത്ത് കൃത്യമായ ചികില്‍സ കിട്ടാറില്ല. തുടര്‍ച്ചയായുള്ള നിരീക്ഷണങ്ങളോ ആരോഗ്യപരിശോധനകളോ നടപ്പാക്കുന്നില്ല. ഫലമോ അമ്മയാകാന്‍ കാത്തിരിക്കുകയെന്നത് മരണത്തിനായി കാത്തിരിക്കുകയെന്നതുപോലെ കഠിനമായകാലമായി മാറുന്നു.
ആവശ്യത്തിന് പൊതുജനാരോഗ്യകേന്ദ്രങ്ങളില്ല. ഉള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളുമില്ല. എന്തിനേറെപ്പറയുന്നു ശുദ്ധമായ ജലംപോലും ആശുപത്രികളില്‍ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ അഭാവംമൂലം ചെലവേറിയ ചികില്‍സാമാര്‍ഗങ്ങള്‍ ആശ്രയിക്കേണ്ടി വരുന്നതും പ്രതികൂലമാകുകയാണ്. വിദൂര പ്രദേശങ്ങളിലെ ദരിദ്രരായ സ്ത്രീകള്‍ക്ക് മതിയായ ആരോഗ്യപരിരക്ഷ പ്രദാനം ചെയ്യാന്‍ സാധിക്കാത്തതും ഗുരുതര അനാസ്ഥയാണ്.
ഗര്‍ഭാവസ്ഥയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ വൈകല്യങ്ങള്‍, പ്രസവാനന്തര രക്തസ്രാവം, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം എന്നിവ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയമാണ്. മാതൃ ആരോഗ്യം മെച്ചപ്പെടുത്തുകയെന്നത് ഡബ്ള്യു എച്ച് ഒയുടെ പ്രധാന മുന്‍ഗണനകളില്‍ ഒന്നാകുമ്പോഴാണ് നൈജീരിയയില്‍ ഇത്തരത്തിലൊരു സാഹചര്യം. ഏതായാലും നൈജീരിയയിലെ മാതൃ ആരോഗ്യമിപ്പോള്‍ വെന്റിലേറ്ററില്‍ കുടുങ്ങിയിരിക്കുകയാണ്.
ആരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സര്‍ക്കാര്‍. ബജറ്റില്‍ ആരോഗ്യമേഖലയ്ക്കായി മാറ്റിവയ്ക്കുന്നത് വെറും അഞ്ച് ശതമാനം തുക മാത്രം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമൊന്നുമില്ലെന്ന് മാത്രമല്ല, താങ്ങാവുന്നതിലേറെയാണ് ചെലവെന്നതാണ് യാഥാര്‍ഥ്യം. ആശുപത്രികളിലെത്തി ചികില്‍സതേടേണ്ടത് ആവശ്യകതയാണെന്ന ബോധമില്ലാത്തതും തിരിച്ചടിയാണ്.
ഗര്‍ഭകാലത്ത് കൃത്യമായി ചികില്‍സവേണമെന്ന അവബോധം സ്ത്രീകള്‍ക്ക് ഇല്ലാത്തതും വലിയ തിരിച്ചടിയാണ്. രാജ്യത്തെ ചില സ്ത്രീകള്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത് വെറും സമയം പാഴാക്കലായി കാണുകയാണ്. ആശുപത്രിയിലെത്തി ചികില്‍സതേടുന്നതിലെ ചെലവ് ഒഴിവാക്കാന്‍ സുരക്ഷിതമല്ലാത്ത പ്രവസരീതികള്‍ പിന്‍തുടരുന്നവര്‍ ഏറെയുണ്ട്. പ്രസവകാലത്തെ മരണനിരക്ക് കൂടുന്നതിന് അത്തരം പരിഷ്കൃതമല്ലാത്ത പ്രസവരീതികളും ഒരു കാരണമാണ്. പ്രധാനനഗരങ്ങളിലൊഴികെ പലയിടങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രികള്‍ അപൂര്‍വമാണ്.
പ്രസവ സമയത്ത് മരിക്കുന്ന അമ്മമാരുടെ എണ്ണം കുറയ്ക്കുന്നതിനു പ്രത്യേക പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദരിദ്രരും ദുര്‍ബലരുമായ സ്ത്രീകള്‍ക്ക് സൗജന്യ അടിയന്തര സിസേറിയന്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതി കഴിഞ്ഞവര്‍ഷം തുടങ്ങിയെങ്കിലും വലിയ ഫലംകണ്ടിട്ടില്ല. മുതല്‍മുടക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യം അമ്മമാരുടെ മരണത്തില്‍ കലാശിക്കുന്നു. അമേരിക്കയടക്കം രാജ്യങ്ങള്‍ നല്‍കിവന്നിരുന്ന സാമ്പത്തികഅടിസ്ഥാനസൗകര്യങ്ങളുടെ വിതരണത്തില്‍ കുറവുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പത്തിലായെന്നതാണ് നിലവിലെ സാഹചര്യം.