Image: Reuters Video
നൈജീരിയയിലെ കെബ്ബിയില്‍ ബോര്‍ഡിങ് സ്കൂള്‍ ആക്രമിച്ച തോക്കുധാരികള്‍ 25 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവം . ആക്രമണത്തിനിടെ വൈസ് പ്രിന്‍സിപ്പലിനെ സംഘം കൊലപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച്ചയാണ് സംഭവം.
പുലര്‍ച്ചെ നാലുമണിക്കാണ് റൈഫിളുകളുമായെത്തിയ സായുധസംഘം മാഗ നഗരത്തിലെ ഗവൺമെൻ്റ് ഗേൾസ് കോംപ്രിഹെൻസീവ് സെക്കൻഡറി സ്കൂളിലേക്ക് ഇരച്ചുകയറിയത്. വിവരമറിഞ്ഞെത്തിയ പൊലീസുമായി വലിയ ഏറ്റുമുട്ടലുണ്ടാവുകയും ചുറ്റുമതില്‍ കടന്ന് വിദ്യാര്‍ത്ഥിനികളെ പിടികൂടുകയുമായിരുന്നെന്ന് പൊലീസ് വക്താവ് നഫിയു അബൂബക്കർ കോടാർകോഷി പറയുന്നു. അക്രമികളെ ചെറുക്കുന്നതിനിടെയാണ് വൈസ് പ്രിൻസിപ്പൽ ഹസൻ യാക്കൂബു മകുക്കുവിന് വെടിയേറ്റത്. മറ്റൊരു ജീവനക്കാരനും ആക്രമണത്തില്‍ വെടിയേറ്റിട്ടുണ്ട്.
നൈജീരിയയില്‍ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകല്‍ ഇതാദ്യമായല്ല, കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം നടന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയ 250ലധികം കുട്ടികളെ മോചിപ്പിക്കാനായി നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബു സൈന്യത്തെ അയച്ചിരുന്നു. മോട്ടോര്‍ബൈക്കുകളില്‍ ചുറ്റിക്കറങ്ങുന്ന ക്രിമിനല്‍ സംഘങ്ങള്‍ ഗ്രാമങ്ങളിലും സ്കൂളുകളിലും ഹൈവേകളിലും പരസ്യമായി കൊള്ള നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.
സുരക്ഷ മെച്ചപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയിലും ഈ മേഖലയില്‍ സായുധസംഘങ്ങളുടെ അഴിഞ്ഞാട്ടം തുടരുകയാണ്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ സ്കൂള്‍ കുട്ടികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. 2014-ൽ ചിബോക്കിലെ വടക്കുകിഴക്കൻ നഗരത്തിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം 270 സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ പെൺകുട്ടികളിൽ പലരും രക്ഷപ്പെടുകയോ മോചിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും പലരുടെയും കാര്യത്തില്‍ ഇതുവരേയും ഒരു വിവരവും ലഭ്യമായിട്ടില്ല.