ഉത്സവത്തിനിടെ സ്ത്രീകള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം. നൈജീരിയയില്‍ നിന്നുമുള്ള പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെയാണ് പുരുഷന്മാർ സ്ത്രീകളെ ഓടിച്ചിട്ട് പിടിക്കുകയും, അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി പരസ്യമായി ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്. 

'അലൂ-ഡോ' ഉത്സവത്തിനിടയിലാണ് ഈ ആക്രമണങ്ങൾ നടന്നത്. വഴിയില്‍ കണ്ട പെണ്‍കുട്ടികളേയെല്ലാം സംഘം വളഞ്ഞുപിടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇവരിൽ പലരും അടുത്തുള്ള യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികളായിരുന്നു. പരിക്കേറ്റ ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

സംഭവം നടക്കുമ്പോൾ ചുറ്റും നിന്ന പലരും ഇത് തടയാൻ ശ്രമിക്കുന്നതിന് പകരം ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. ക്രൂരമായ ഈ അക്രമങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ #StopRapingWomen എന്ന ഹാഷ്‌ടാഗ് വൈറലായി. സംഭവത്തെ 'ബലാത്സംഗ ഉത്സവം' (Rape Festival) എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ജനങ്ങളും വിശേഷിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക കമ്മ്യൂണിറ്റി നേതാവിനെയും നാല് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡെൽറ്റ സ്റ്റേറ്റ് പോലീസ് കമ്മീഷണർ ഐന അഡെസോള അറിയിച്ചു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസ് വക്താവ് ബ്രൈറ്റ് എഡാഫെ വ്യക്തമാക്കി.

ENGLISH SUMMARY:

During the Aluu-Do festival in Nigeria, groups of men reportedly chased and sexually assaulted women in public, tearing their clothes and harassing them in broad daylight. Many victims, including university students, were injured and hospitalized while bystanders filmed and encouraged the attacks instead of intervening. The incident triggered global outrage under the hashtag #StopRapingWomen, and police have arrested several suspects while promising strict legal action.