Image Credit:x,Instagram/divyaunnyfilms

പരസ്യത്തിന്‍റെ പോസ്റ്ററിലുള്ള തന്‍റെ മുഖത്ത് തുപ്പിയ യുവാവിന്‍റെ നടപടിക്കെതിരെ തുറന്നടിച്ച് നടി ദിവ്യാ ഉണ്ണി. ടൂത്ത് പേസ്റ്റിന്‍റെ പരസ്യ ചിത്രത്തിന്‍മേല്‍ ഒരാള്‍ തുപ്പി വൃത്തികേടാക്കിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് താരത്തിന്‍റെ പ്രതികരണം. ഇത് തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായി കാണുന്നില്ലെന്നും സ്ത്രീകളോട് ഒരു വിഭാഗം പുരുഷന്‍മാര്‍ക്കുള്ള നിലപാടും 'ബഹുമാനവും' ആണ് ഇതെന്നും അവര്‍ കുറിച്ചു. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യയുടെ പ്രതികരണം. ഒട്ടേറെപ്പേര്‍ തനിക്കാ വൈറല്‍ റീല്‍ അയച്ചു തന്നുവെന്നും പാന്‍മസാല ചവച്ച ശേഷം മതിലില്‍ പതിച്ചിരിക്കുന്ന തന്‍റെ പരസ്യ ചിത്രത്തില്‍ ഒരാള്‍ കാര്‍ക്കിച്ച് തുപ്പുന്നതാണ് അതിലുള്ളതെന്നും അവര്‍ പറയുന്നു. ' പോസ്റ്ററിലുള്ളത് ദിവ്യ ഉണ്ണിയാണെന്ന് കരുതേണ്ട. അതൊരു സ്ത്രീയുടെ മുഖമാണ്. അതേത് സ്ത്രീയുമാകാം. ഞാനത് വ്യക്തിപരമായി കാണുന്നില്ല.  അങ്ങനെ കരുതുന്നതേ ശരിയല്ല.  വിഡിയോ കണ്ടപ്പോള്‍ ഞാനല്‍പം അസ്വസ്ഥയായി എന്നത് സത്യമാണ്. പക്ഷേ രാജ്യത്തെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്നത് വച്ച് നോക്കുമ്പോള്‍ ഇതൊന്നുമല്ല. രാജ്യത്തെ സ്ത്രീകള്‍ക്കെന്താണ് സംഭവിക്കുന്നത്? അവര്‍ ഓരോ നേരവും അപമാനിക്കപ്പെട്ടും അക്രമത്തിനിരയാക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടുമിരിക്കുകയാണ്. അതിനെതിരെ ശബ്ദമുയര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

ആളുകളുടെ ചിന്തയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് ചിന്തകളുടെയും വളര്‍ത്തിയതിന്‍റെയും തലമുറയുടെയും സമൂഹത്തിന്‍റെയും പ്രശ്നമാണ്. ചിന്താരീതി തെറ്റാണെന്ന് നമ്മുടെ പുരുഷന്‍മാര്‍ക്ക് തോന്നാത്ത കാലത്തോളം, നമ്മുടെ ആണ്‍കുട്ടികളെ ഇത്തരത്തിലല്ലാതെ വളര്‍ത്താത്ത കാലത്തോളം ഈ പ്രശ്നം പരിഹരിക്കപ്പെടുകയില്ല. എന്‍റെ പോസ്റ്ററില്‍ ഒരാള്‍ തുപ്പിയതിനെ ഞാന്‍ കാര്യമാക്കുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ഇത്ര അരക്ഷിതാവസ്ഥ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല'- അവര്‍ പറഞ്ഞു. 

നടിയും എഴുത്തുകാരിയും സംവിധായികയുമാണ് ദിവ്യ. മനോജ് ബാജ്പേയ്ക്കൊപ്പം ട്രാഫിക്കിന്‍റെ ഹിന്ദി പതിപ്പിലൂടെയായിരുന്നു ദിവ്യയുടെ അരങ്ങേറ്റം. 2017 ല്‍ 'ഹെര്‍ ഫസ്റ്റ്' എന്ന പേരില്‍ ദിവ്യയെടുത്ത ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സിങ് ക്വീന്‍, ഓ റോജര്‍,കിതാബ് എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. 

ENGLISH SUMMARY:

Actress and filmmaker Divya Unni recently addressed a viral social media video that captured a man spitting on her face on a Sensodyne advertisement poster. Rather than viewing the act as a personal attack, Unni used the incident to shine a light on the systemic disrespect and lack of dignity often shown toward women in society. In a powerful response posted on Instagram, she emphasized that the face on the poster represents women in general, reflecting a deep-seated societal issue regarding how men are raised to perceive women. She expressed concern that this act is symptomatic of the daily harassment and marginalization faced by women and children across the country. Unni stated that while the video was initially unsettling, she is more interested in sparking a meaningful dialogue about changing mindsets and fostering a culture of respect for the opposite gender. By choosing to speak out, she aims to challenge the prevailing attitudes that lead to such disrespectful behavior and advocates for a generational shift in how society treats and values women