Image Credit : Instagram
കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിലാണ് 33കാരനായ വൈശാഖിനെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്ലാറ്റിലെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ നടി കൃഷി തപന്ദ ഫ്ലാറ്റില്‍ ഇല്ലായിരുന്നെന്നും ഈ സമയം അവര്‍ മറ്റൊരു സ്ഥലത്തായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ച വൈശാഖിന്‍റെ ജീവിത പശ്ചാത്തലം പരിശോധിച്ച പൊലീസ് ഇയാള്‍ നേരത്തെ അറസ്റ്റിലായിട്ടുളളതായി അറിയിച്ചു. വ്യവസായി അരവിന്ദ് റെഡ്ഡിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്. ഭാര്യയുമായി തര്‍ക്കത്തിലായിരുന്ന വൈശാഖ് നേരത്തേ നടി കൃഷി തപന്ദയുടെ വീട്ടില്‍ താമസിച്ചിരുന്നതായും പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടിയെയും വൈശാഖിന്‍റെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യും.
വൈശാഖിന്‍റെ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധന നടത്തി ഫൊറൻസിക് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.