Image Credit : Twitter

രണ്ടാം വിവാഹത്തിന് നാളുകള്‍ക്കിപ്പുറം ആദ്യ ഭര്‍ത്താവിന്‍റെ വീട്ടിലെത്തി സ്വത്ത് ആവശ്യപ്പെട്ട യുവതിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് യുവതി ക്രൂരമര്‍ദനത്തിന് ഇരയായത്. യുവതിയെ മാരകമായി ആക്രമിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തശേഷം ചെരുപ്പ്മാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിയെന്നാണ് പരാതി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ജാർഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ അർനിയ വേന ഗ്രാമത്തിൽ ജൂൺ 30-നാണ് ഈ സംഭവം നടന്നത്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം യുവതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇതേ ഗ്രാമത്തിലെ ഒരാളെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരാളുമായി പ്രണയത്തിലായ യുവതി ആദ്യ ഭര്‍ത്താവിനെ ഉപക്ഷിച്ച് രണ്ടാമത് വിവാഹം ചെയ്തു. വിവാഹശേഷം ഗ്രാമത്തില്‍ നിന്നും പോയ യുവതി ഇൻഡോറിലെ രണ്ടാം ഭര്‍ത്താവിനൊപ്പം ഒരു വാടകവീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തു.

രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യുവതി ഭര്‍ത്താവുമൊത്ത് ഗ്രാമത്തില്‍ തിരിച്ചെത്തുകയും ആദ്യ ഭര്‍ത്താവിന്‍റെ സ്വത്തില്‍ വിഹിതം ആവശ്യപ്പെടുകയും ചെയ്തു. ആദ്യ ഭര്‍ത്താവിന് ലഭിച്ച പരമ്പരാഗത സ്വത്തില്‍ നിന്ന് തനിക്ക് അര്‍ഹതപ്പെട്ട അത്ര കൃഷിഭൂമി വേണം എന്നായിരുന്നു യുവതിയുടെ ആവശ്യം. അന്ന് രാത്രി ആ ഗ്രാമത്തില്‍ തന്നെ താമസിച്ച യുവതിയെ തൊട്ടടുത്ത ദിവസം രാവിലെയാണ് ആദ്യ ഭര്‍ത്താവിന്‍റെ ബന്ധുക്കളെത്തി ക്രൂരമായി തല്ലിച്ചതച്ചത്. 

യുവതിയെ തല്ലിയ ശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മുടി മുറിക്കുകയും ചെയ്തു. തുടര്‍ന്ന് ചെരുപ്പ് മാല കഴുത്തിലണിയിച്ച് ഗ്രാമത്തിലൂടെ നടത്തി. യുവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രണ്ടാം ഭര്‍ത്താവിനും മര്‍ദനമേറ്റു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുളള ജനരോഷവും ഉണ്ടായി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ആദ്യ ഭര്‍ത്താവിന്‍റെ ബന്ധുക്കളായ മുന്നുപേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. പ്രതിപ്പട്ടികയിലുളള 11 പേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ഒളിവില്‍ പോയ 8 പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

A woman seeking a share of her first husband's property after her second marriage was brutally assaulted by her former in-laws in Ujjain, Madhya Pradesh. The incident, which has sparked widespread outrage, involved the woman being stripped, paraded with a shoe garland, and severely beaten by relatives of her first husband.