AI Generated Image
സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ രാജ്യവ്യാപകമായി കർശന നടപടികൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം, വനിതകള്‍ക്കായി സംവരണമുള്ള കോച്ചുകളിൽ അനധികൃതമായി പ്രവേശിക്കുന്ന പുരുഷ യാത്രക്കാർക്ക് 2,500 വരെ പിഴ ചുമത്തും. മുമ്പ് ഈ കുറ്റത്തിന് ഈടാക്കിയിരുന്നത് 500 രൂപയായിരുന്നു.
പുതിയ ഭേദഗതികളിലൂടെ അടയ്ക്കേണ്ട പിഴ അഞ്ച് മടങ്ങായി വർധിപ്പിച്ചിരിക്കുകയാണ്. സ്ത്രീ യാത്രക്കാരുടെ സുരക്ഷ, സ്വകാര്യത, യാത്രാസൗകര്യം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ഇത് കൂടാതെ റെയിൽവേ സംരക്ഷണ സേനയും ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥരും രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കും. നിയമലംഘനം ആവര്‍ത്തിക്കുന്നവരാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാമെന്നും അധികൃതർ അറിയിച്ചു. കൂടാതെ നിയമം ലംഘിക്കുന്നവരെ നിർദേശിക്കപ്പെട്ട സമയത്തേക്ക് ട്രെയില്‍ യാത്രകളില്‍ നിന്ന് വിലക്കാനും വ്യവസ്ഥയുണ്ട്.
ജന വിശ്വാസ് ആക്ട്, 2026 പ്രകാരമാണ് വനിതാ സംവരണമുള്ള കോച്ചുകളില്‍ അനധികൃതമായി കയറുന്നതിന് 500ല്‍ നിന്ന് 2500 രൂപ പിഴയായി ഉയര്‍ത്തിയത്. സാധാരണ ജനറല്‍ കോച്ചുകളിലും മറ്റും സൗകര്യവും സ്ഥലവും ഉണ്ടെന്നും അതിനാല്‍ പുരുഷ യാത്രക്കാര്‍ സംവരണമുള്ള കോച്ചുകളില്‍ കയറേണ്ട സാഹചര്യം വരില്ല എന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
ഇത് കൂടാതെ ദീര്‍ഘദൂരയാത്ര നടത്തുന്ന ട്രെയിനുകളാണെങ്കില്‍ വനിതാ കോച്ചുകള്‍ക്ക് മുന്‍ഗണന നല്‍കും. കൂടാതെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് യാത്രക്കാരെ അറിയിക്കാനും ബോധവാന്‍മാരാക്കാനും ട്രെയിനിലുടനീളം അറിയിപ്പുകള്‍ നല്‍കാനും റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്. 2026 ജൂലൈ 21 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.