സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ 'മകള്‍ക്കൊപ്പം' പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്ത്രീകളും കുട്ടികളും പീഡനത്തിന് വിധേയരായ കേസുകള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന വ്യക്തികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ബജറ്റവതരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പു വരുത്തുമെന്നും ഇതിനായി പ്രധാന നഗരങ്ങളില്‍ രാത്രികാല പൊലീസ് പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ബജറ്റില്‍ പറയുന്നു. വനിതകളെ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി നിയമിക്കുമെന്നും പ്രഖ്യാപനം.
കുഞ്ഞുങ്ങള്‍ക്കെതിരായ അക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ഇത്തരം കേസുകളില്‍ പരാതി അറിയിക്കാന്‍ രഹസ്യസ്വഭാവമുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍, പോര്‍ട്ടല്‍ എന്നിവ സജ്ജീകരിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.
എക്സൈസ് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി 23.31 കോടി രൂപ വകയിരുത്തി. ലഹരി, മദ്യപാനം എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുന്നതിന് വിമുക്തി മിഷന്‍റെ ഭാഗമായി ലഹരിവിരുദ്ധ ക്യാംപെയിനുകള്‍ സംഘടിപ്പിക്കും. എക്സൈസ് വകുപ്പിന് മാത്രമായി കെമിക്കല്‍ എക്സാമിനേഷന്‍ ലബോറട്ടറി സ്ഥാപിക്കും. ലഹരിമരുന്നിന്‍റെ കള്ളക്കടത്ത് തടയുന്നതിന് എല്ലാ ചെക്ക് പോസ്റ്റുകളിലും സാങ്കേതികത്തികവുള്ള സിസിടിവി ക്യാമറകളും എക്സ്-റേ, ഗാമാ-റേ സ്കാനറുകളും സ്ഥാപിക്കും. ഇതിന് പുറമെ എല്ലാത്തരം ലഹരികളും തിരിച്ചറിയുന്നതിനുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ എക്സൈസ് ഓഫിസുകളിലും ലഭ്യമാക്കും. ലഹരി മാഫിയയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഓപറേഷന്‍ തൂഫാന് 10 കോടി രൂപ വകയിരുത്തി.