ഒന്നല്ല, മൂന്നുതവണയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍, ബജറ്റ് അവതരണത്തിനിടെ വാച്ചില്‍ സമയം നോക്കിയത്. വാച്ച് നോക്കുന്നതിന് പിന്നാലെ വാക്കുകള്‍ക്കിടയിലെ സമയം കുറയുന്നതും ബജറ്റ് പ്രസംഗത്തിന്‍റെ വേഗം കൂടുന്നതും കാണാം. 96 പേജുള്ള ബജറ്റ് പുസ്തകം ഒരു മണിക്കൂര്‍ 39 മിനിറ്റ് കൊണ്ടാണ് ധനമന്ത്രി കൂടിയായ വി.ഡി.സതീശന്‍ വായിച്ചുതീര്‍ത്തത്. 1987ല്‍ മുഖ്യമന്ത്രിയായിരിക്കെ ആറു മിനിറ്റ് കൊണ്ട് ബജറ്റ് അവതരിപ്പിച്ച നായനാരുടെ പ്രസംഗമാണ് റെക്കോര്‍ഡിലുള്ളതെങ്കിലും ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മുഴുനീള പ്രസംഗങ്ങളില്‍ ഒന്നായി സതീശന്റെ ബജറ്റ് അവതരണത്തെ കാണാം. മൂന്നു പേജ് മാത്രമുള്ളതായിരുന്നു നായനാരുടെ ബജറ്റ് പ്രസംഗം. 2015ല്‍ ബാര്‍ കോഴയില്‍ ആരോപണവിധേയനായി നില്‍ക്കെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയില്‍ കെ.എം.മാണി ബജറ്റിന്റെ പ്രസക്തമായ ഭാഗം മാത്രം വായിച്ച് മിനിറ്റുകള്‍ക്കകം പ്രസംഗം അവസാനിപ്പിച്ചതും ചരിത്രമാണ്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം ടി.എം.തോമസ് ഐസക്കിന്റെതാണ്. 2021ല്‍ മൂന്നു മണിക്കൂര്‍ 18 മിനിട്ട് നീണ്ട പ്രസംഗമാണ് ഐസക്ക് നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള മറ്റൊരു ബജറ്റ് പ്രസംഗവും ഐസക്കിന്റെതാണ്. 2 മണിക്കൂര്‍ 57 മിനിട്ട്. ദൈര്‍ഘ്യത്തിന്റെ മൂന്നാം സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. 2016ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗം രണ്ടു മണിക്കൂര്‍ 54 മിനിട്ടില്‍ ആണ് അവസാനിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉമ്മന്‍ചാണ്ടിയുടെ തൊട്ടടുത്ത് എത്തി നാലാം സ്ഥാനം നേടി. രണ്ട് മണിക്കൂര്‍ 53 മിനിറ്റ് നീണ്ടുനിന്നു ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം.
ആര്‍.ശങ്കറിനും സി.അച്യുതമേനോനും ഇ.കെ.നായനാര്‍ക്കും ഉമ്മന്‍ചാണ്ടിക്കും ശേഷം മുഖ്യമന്ത്രിയായി ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കൂടിയായി വി.ഡി.സതീശന്‍. 1960–64 കാലത്ത് ആദ്യം ഉപമുഖ്യമന്ത്രിയും തുടര്‍ന്ന് മുഖ്യമന്ത്രിയുമായ ആര്‍.ശങ്കറും ധനമന്ത്രി കൂടിയായിരുന്നു. ആറു ബജറ്റ് പ്രസംഗങ്ങള്‍ നടത്തിയ ശങ്കറാണ് മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി. 1971ല്‍ സി.അച്യുതമേനോനും 1987ല്‍ ഇ.കെ.നായനാറും 2016ല്‍ ഉമ്മന്‍ചാണ്ടിയും ധനവകുപ്പിന്‍റെ അധിക ചുമതല വഹിച്ച കാലത്ത് മുഖ്യമന്ത്രിക്കസേരയിലിരുന്ന് ബജറ്റുകള്‍ അവതരിപ്പിച്ചു. അങ്ങനെ നോക്കുമ്പോള്‍ ആ റെക്കോര്‍ഡില്‍ വി.ഡി.സതീശന്‍ നാലാമത്തെ ആളാണ്. എന്നാല്‍, ആര്‍.ശങ്കറിന് ശേഷം മുഖ്യമന്ത്രി കസേരയിലിരുന്ന് മുഴുവന്‍സമയ ധനമന്ത്രി എന്ന റോള്‍ വഹിക്കുന്ന നേതാവാണ് സതീശന്‍.