ധനമന്ത്രിമാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങള്‍ക്ക് ബജറ്റില്‍ വാരിക്കോരി പദ്ധതികള്‍ കിട്ടുന്നതാണ് സാധാരണ കണ്ടുവരുന്ന രീതി. കെ.എം.മാണിയിലൂടെ പാലായും ഡോ. തോമസ് ഐസക്കിലൂടെ ആലപ്പുഴയും കെ.എന്‍.ബാലഗോപാലിലൂടെ കൊട്ടാരക്കരയുമൊക്കെ ബജറ്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് കണ്ടിട്ടുള്ളത്. എന്തരോ എന്തോ. ഇന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിച്ച ബജറ്റ് എവിടെയും പറവൂര്‍ എന്ന് പേര് കേട്ടതേയില്ല. വടക്കന്‍ പറവൂരിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചില്ല. തന്‍റെ ആദ്യ ബജറ്റ് പറവൂര്‍ ബജറ്റ് വ്യാഖ്യാനിക്കപ്പെടരുതെന്ന് മുഖ്യമന്ത്രിക്ക് നി‍ര്‍ബന്ധമുണ്ടായിരുന്നുവെന്ന് തോന്നിപ്പോകും. 

 

അന്തരിച്ച നടനും പറവൂര്‍കാരനുമായ സലീം കുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മിക്കാന്‍ ഒരു കോടി നീക്കിവച്ചത് പറവൂരിനോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. പറവൂരിനെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ലെങ്കിലും പറവൂര്‍ ഉള്‍പ്പെടുന്ന എറണാകുളം ജില്ലയ്ക്ക് നല്ല പരിഗണന കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ മണ്ഡലം പറവൂര്‍. 2001 മുതല്‍ തുടര്‍ച്ചയായി വിജയിച്ച് നിയമസഭ കയറുന്ന മണ്ഡലം. പറവൂര്‍ ഹൃദയത്തിലാണെന്നാണ് സതീശന്‍ എപ്പോഴും പറയാറ്. 

 

ബജറ്റ് അവതരിപ്പിച്ച രണ്ടാം പറവൂര്‍ എം.എല്‍എ

പറവൂരില്‍ നിന്ന് വിജയിച്ച് ധനമന്ത്രിയായി ബജറ്റ് അവതരിപ്പിച്ച ആദ്യ നേതാവ് കോണ്‍ഗ്രസിലെ കെ.ടി.ജോര്‍ജ് ആണ്. 1967ലും 1970ലും പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച ജോര്‍ജ്, സി.അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. 1972 ഫെബ്രുവരി 25ന് ജോര്‍ജ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. 30 പേജുള്ള ബജറ്റ് പ്രസംഗത്തില്‍ ജോര്‍ജും പറവൂറിന് പ്രത്യേക പരിഗണന നല്‍കിയില്ല. ബജറ്റ് പ്രസംഗത്തില്‍ ആകെ ഇടംപിടിച്ചത്, മലയാറ്റൂരിനടുത്തുള്ള ഇല്ലിത്തോട് ഏലായില്‍ ബാങ്കുകളുടെ ധനസഹായത്തോടെ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട ഒരു പദ്ധതിയാണ്. 1972 ഏപ്രില്‍ മൂന്നിന് ജോര്‍ജ് അന്തരിച്ചു. 

 

പറവൂരിനെ പേരിനൊപ്പം കൊണ്ടുനടന്ന തലയെടുപ്പുള്ള മറ്റൊരു രാഷ്ട്രീയ നേതാവ് തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരുക്കൊച്ചി സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ പറവൂര്‍ ടി.കെ.നാരായണപിള്ളയാണ്. 

 

ENGLISH SUMMARY:

Despite representing Paravur, Chief Minister V.D. Satheesan's first state budget did not announce any major projects specifically for the constituency. The article examines Paravur's limited presence in the budget and recalls the historical connection of former Finance Minister K.T. George, the first MLA from Paravur to present a Kerala budget. It also highlights the legacy of Paravur's prominent political leaders and the district's overall budget allocations.